ആര്യങ്കാവിൽ പിടികൂടിയ പാലിൽ രാസ വസ്തു:മന്ത്രി ചിഞ്ചുറാണി

Share our post

തിരുവനന്തപുരം: പാലിലും മാംസത്തിലും അ‌‌ടങ്ങിയിരിക്കുന്ന വിഷവസ്തുക്കളു‌ടെയും ആന്റി ബയോട്ടിക്കിന്റെയും സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യം വകുപ്പിൽ നിലവിലുണ്ടെന്നും ജനുവരി 11 ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ന‌ടത്തിയ പരിശോധനയിൽ 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് അംശം കണ്ടെത്തിയതായും മന്ത്രി ജെ.ചിഞ്ചു റാണി നിയമസഭയെ അറിയിച്ചു.

എന്നാൽ, ഭക്ഷ്യസുരക്ഷാവകുപ്പ് ന‌ടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

പെറോക്സൈഡിന്റെയും കാറ്റലെസിന്റെയും പ്രവർത്തനം മൂലം സമയം കഴിയും തോറും ഹൈഡ്രജൻ പെറോക്സൈഡ് വെള്ളവും ഓക്സിജനുമായി മാറും. അതിനാൽ വൈകി നടത്തുന്ന പരിശോധനയിൽ ഫലം അറിയാനാവില്ല.

മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനവും കുമളി, വാളയാർ ചെക്ക് പോസ്റ്റുകളിൽ ഓണക്കാലത്ത് താൽക്കാലിക ലാബുകളും സജ്ജമാക്കാറുണ്ട്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ മാംസത്തിലും മുട്ടയിലും അ‌ടങ്ങിയിരിക്കുന്ന വിഷ വസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്.

പാലും പാലുൽപ്പന്നങ്ങളും സംബന്ധിച്ച ഭക്ഷ്യസുരക്ഷാ ഓഫീസർമാരായി ക്ഷീരവികസന വകുപ്പ് ഓഫീസർമാരെ നോ‌ട്ടിഫൈ ചെയ്യണമെന്ന ആവശ്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലുല്പാദനം കുറഞ്ഞു
2015 ൽ കേരളത്തിലെ പാലുൽപ്പാദനം 26.50 ലക്ഷം ‌ടണ്ണായിരുന്നു. 2021 ൽ 25.34 ലക്ഷം ടണ്ണായി കുറഞ്ഞു. 2021-22 ൽ 4.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. എന്നാൽ 2015 ൽ പ്രതിദിനം 16.36 ലക്ഷം ലിറ്റർ പാൽ ക്ഷീര സംഘങ്ങൾ മുഖേന സംഭരിച്ചിരുന്ന സ്ഥാനത്ത്, 2020-21 ൽ 21.3 ലക്ഷം ലിറ്ററായി വർദ്ധിച്ചതായി മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!