ചികിത്സയ്ക്കിടയിലെ എല്ലാ മരണത്തിനും ആരോഗ്യപ്രവർത്തകർ ഉത്തരവാദികളല്ല

Share our post

കൊച്ചി: ചികിത്സയ്ക്കിടയിലുണ്ടാകുന്ന എല്ലാ മരണവും ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധമൂലമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുണ്ടാകണം. ചികിത്സയിലുണ്ടായ വീഴ്ച കാരണമായിരിക്കണം മരണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ വഴിക്ക് നീങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഉത്തരവാദികളാകില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

സാധാരണമായി സ്വീകരിക്കുന്ന രീതിയിൽനിന്ന് തെല്ലുമാറിയ ചികിത്സാരീതി സ്വീകരിച്ചതും അശ്രദ്ധയായി കാണാനാകില്ല. ചികിത്സയ്ക്കിടയിൽ കണക്കുകൂട്ടലിലുണ്ടാകുന്ന പിഴവോ അപകടമോ ചികിത്സപ്പിഴവായി കാണാനാകില്ല. ആരോഗ്യപ്രവർത്തകരുടെ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സംശയാതീതമായി തെളിയിക്കാനായെങ്കിൽ മാത്രമേ കുറ്റക്കാരനായി കാണാനാകൂ എന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

വന്ധ്യംകരണത്തിനായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിചാരണക്കോടതി തടവിന് ശിക്ഷിച്ചതിനെതിരേ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊല്ലം പുനലൂർ ഡീൻ ആശുപത്രിയിലെ ഡോ. ബാലചന്ദ്രൻ, ഡോ. ലൈല അശോകൻ, ഡോ. വിനു ബാലകൃഷ്ണൻ, നഴ്‌സുമാരായ അനിലകുമാരി, ശ്യാമളാദേവി, സുജാതകുമാരി എന്നിവരാണ് കൊല്ലം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീൽ നൽകിയത്.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒരു വർഷവും മൂന്നുമാസവും തടവിനായിരുന്നു ഇവരെ ശിക്ഷിച്ചത്. എന്നാൽ, കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് ആരോഗ്യപ്രവർത്തകരെ കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷിച്ചതും റദ്ദാക്കിയിരിക്കുന്നത്.

2006 സെപ്‌റ്റംബർ 25-നായിരുന്നു മിനി ഫിലിപ്പ് (37) എന്ന യുവതി താക്കേൽദ്വാര ശസ്ത്രക്രിയെത്തുടർന്ന് മരിച്ചത്. ശിക്ഷ കുറഞ്ഞുപോയി എന്നുകാട്ടി മിനിയുടെ ബന്ധു നൽകിയ അപ്പീൽ തള്ളുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!