ദമ്പതികൾ മരിച്ച സംഭവം കാറിൽ വീണ്ടും പരിശോധന

കണ്ണൂർ: ജില്ലാ ആസ്പത്രിയിലേക്ക് പോകുന്നതിനിടെ കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ, മോട്ടോർ വാഹനവകുപ്പിലെ വിദഗ്‌ധ സംഘം കാർ പരിശോധിച്ചു. കാറിൽ പെട്ടെന്ന് തീയാളിയത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.
നേരത്തെ കാറിനുള്ളിൽനിന്ന് കണ്ടെത്തിയ കുപ്പികൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പരിശോധന നടത്തിയ അന്വേഷണസംഘവും കാറിനുള്ളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയും ശാസ്‌ത്രീയ പരിശാധനയ്‌ക്ക് വിധേയമാക്കും.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് കാറിന് തീപിടിച്ച് കുറ്റ്യാട്ടൂർ കാരാറമ്പ് ആനക്കൽവീട്ടിൽ റീഷ, ഭർത്താവ് ഉരുവച്ചാൽ താമരവളപ്പിൽവീട്ടിൽ പ്രജിത്ത് എന്നിവർ മരിച്ചത്.
പൂർണ ഗർഭിണിയായ റീഷയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആസ്പത്രിയിലേക്ക് പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുവയസ്സുകാരി മകളും റീഷയുടെ മാതാപിതാക്കളും ബന്ധുവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
എക്‌സ്‌ട്രാ ഫിറ്റിങ്‌സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സിറ്റി പൊലീസ് സ്‌റ്റേഷനിലാണ് കത്തിയ കാർ സൂക്ഷിച്ചിട്ടുള്ളത്.