പ്രവാസിയുടെ ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പരും അശ്ലീല സൈറ്റിൽ, ഒത്തുതീർപ്പാക്കിക്കൂടെയെന്ന് സി ഐ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Share our post

കാട്ടാക്കട: യുവതിയുടെ ഫോട്ടോയും ഫോൺ നമ്പരും അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്‌ക്കാണ് പോലീസ് നീതി നിഷേധിച്ചത്. പരാതി നൽകിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സി.ഐ പരാതി ‘ ഒത്തുതീർപ്പാക്കിക്കൂടെ ‘ എന്നാണത്രേ ചോദിച്ചത്.

തുടർന്ന് യുവതി ഇന്നലെ റൂറൽ എസ്.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു സംഭവം.അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും വയസും ഫോൺ നമ്പരും ഉൾപ്പെടുത്തി അശ്ലീല വാക്കുകൾ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം മുതൽ പലയിടങ്ങളിൽ നിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകൾ വന്നു.

നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി നമ്പരുകൾ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങൾ ലഭിച്ചു. തുടർന്ന് വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുകയും ഇത്തരത്തിൽ വെബ്‌സൈറ്റിൽ ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയും ചെയ്‌തു. ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും ഇതേക്കുറിച്ച് യുവതി പരാതി നൽകി.

താൻ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്‌ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴുപേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പൊലീസിനോട് ആവശ്യപ്പെട്ടു. ഇക്കൂട്ടത്തിൽ ഒരാളെ താൻ സംശയിക്കുന്നതായി പൊലീസിനോട് പറയുകയും അയാളുടെ പേരും ഫോൺ നമ്പരും നൽകുകയും ചെയ്‌തു.

എന്നാൽ ഗുരുതരമായ സൈബർ കുറ്റകൃത്യം നടന്നെന്ന് ബോദ്ധ്യപ്പെട്ടിട്ടും ആറാം തീയതിയാണ് പ്രതിയെ പൊലീസ് വിളിച്ചുവരുത്താൻ പോലും തയ്യാറായത്.ഇതിനിടെ പ്രതിയും കുടുംബാംഗങ്ങളും യുവതിയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തുകയും മാപ്പ് നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്‌തതായി യുവതിയും ബന്ധുക്കളും പറയുന്നു.

ഇക്കാര്യവും കാട്ടാക്കട സി.ഐയെ അറിയിച്ചു. എന്നാൽ പ്രതിയെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന് പകരം കാട്ടാക്കട സി.ഐ കേസ് ഒത്തുതീർപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ കേസെടുക്കാൻ തയ്യാറാകാത്തതിനെ കുറിച്ച് കാട്ടാക്കട സി.ഐ പ്രതികരിച്ചില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!