കാഞ്ഞിരപ്പുഴയിൽ കുന്നിടിച്ചതിനും പുഴയോരം മണ്ണിട്ട് നികത്തിയതിനുമെതിരെ പഞ്ചായത്ത് കർശന നടപടി തുടങ്ങി
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ സ്വകാര്യ വ്യക്തി അധികൃതരുടെ അനുമതി ഇല്ലാതെ കുന്നിടിച്ചതിനും പുഴയോരം മണ്ണിട്ട് നികത്തിയതിനുമെതിരെ പേരാവൂർ പഞ്ചായത്ത് കർശന നടപടി തുടങ്ങി.
അനധികൃതമായി കുന്നിടിച്ചതിന് സ്ഥലമുടമ ഇരിട്ടി വിളമന സ്വദേശി റജീനക്കും അനധികൃതമായി പുഴയോരത്ത് മണ്ണിട്ട് നികത്തിയതിന് കുഞ്ഞൂഞ്ഞ് എന്നവർക്കും സ്റ്റോപ്പ് മെമ്മോ നല്കി.പുഴയോരത്തിട്ട മണ്ണ് ഒരാഴ്ചക്കകം നീക്കം ചെയ്യാനും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കിയിട്ടുണ്ട്.
ഇരു സംഭവത്തിലും ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടറോടും പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.പോലീസ് നടപടിയാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും പഞ്ചായത്ത് സെക്രട്ടറി കത്ത് നല്കി.
പേരാവൂർ പഞ്ചായത്തിൽ പുഴയോരം കയ്യേറുന്നതും മണ്ണിട്ട് നികത്തുന്നതും വ്യാപകമായ സാഹചര്യത്തിലാണ് പഞ്ചായത്ത് കർശന നിയമനടപടികളുമായി രംഗത്തെത്തിയത്.