ഒരു ദിവസത്തെ കളക്ഷന്‍ കാന്‍സര്‍ രോഗിയായ സഹ പ്രവര്‍ത്തകന്; ബസുകളില്‍ കാരുണ്യത്തിന്റെ ഡബിള്‍ബെല്‍

Share our post

കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളില്‍ തിങ്കളാഴ്ച മുഴങ്ങിയത് കാരുണ്യത്തിന്റെ ഡബിള്‍ബെല്‍. കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപന്റെ ചികിത്സയ്ക്ക് ഫണ്ട് സമാഹരിക്കാനായിരുന്നു തിങ്കളാഴ്ചത്തെ ഓട്ടം.

ഉള്ളിയേരി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിലെ 17 ബസുകള്‍ പ്രദീപനായി കൈകോര്‍ത്തു. ഒരുദിവസത്തെ കളക്ഷനാണ് സഹപ്രവര്‍ത്തകര്‍ ചികിത്സയ്ക്കായി മാറ്റിവെച്ചത്.

നൂറിലേറെ ട്രിപ്പുകള്‍ നടത്തിയും ബസ് സ്റ്റാന്‍ഡുകളില്‍ പിരിവ് നടത്തിയുമാണ് ധനസമാഹരണം നടത്തിയത്. കാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലാണ് ജാനകിവയല്‍ സ്വദേശിയായ ചാലില്‍ പ്രദീപന്‍.

ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഒരുദിവസത്തെ കളക്ഷന്‍ തൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനായി നല്‍കുന്നത്.

പ്രദീപന്‍ 15 വര്‍ഷത്തോളമായി കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു. കുറ്റ്യാടി ബസ്സ്റ്റാന്‍ഡില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ബസ് ഓണേഴ്സ് ജില്ലാ ജോയന്റ് സെക്രട്ടറി ബീരാന്‍ കോയ, മോഹനന്‍ കൈതക്കല്‍, വാര്‍ഡംഗം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചികിത്സാസഹായത്തിനായി കമ്മിറ്റി രൂപവത്കരിക്കുകയും കേരള ഗ്രാമീണ്‍ ബാങ്ക് വേളം ശാഖയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 40185100201014. ഐ.എഫ്.എസ്.കോഡ്- KLGB0040185. ഗൂഗിള്‍ പേ: 9605957327.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!