കതിരൂർ ബാങ്ക് വീണ്ടും മാതൃകയാവുന്നു

തലശ്ശേരി: ബാങ്കിംഗ് /ഇതര സേവനമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, ശാസ്ത്ര സാങ്കേതിക സംവിധാന മികവോടെ ആണിക്കാംപൊയിൽ ശാഖ നവീകരിച്ചു.
ഗൂഗിൾ പേ, മൈക്രോ എ.ടി.എം, കോൾ സെന്റർ, എ.ടി.എം./സി.ഡി.എം സംവിധാനങ്ങളോടെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പുതുമാതൃകയാവുകയാണെന്ന് പ്രസിഡന്റ് ശ്രീജിത്ത് ചോയനും, സെക്രട്ടറി പി.എം. ഹേമലതയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവീകരിച്ച ശാഖ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ഇടപാടുകാർക്ക് സമർപ്പിക്കും. ദേശസാൽകൃത ബാങ്കുകൾ നൽകുന്നതിന് സമാനമായ ആധുനിക ബാങ്കിംഗ് സംവിധാനളത്രയും ആണിക്കാംപൊയിൽ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് സാരഥികൾ വിശദീകരിച്ചു.
ബ്രാഞ്ചിലെ മുഴുവൻ മെമ്പർമാർക്കും സൗജന്യ മെഡിക്കൽ പരിശോധനയും ലഭ്യമാക്കുന്നുണ്ട്. വിവിധ സംവിധാനങ്ങളുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രാർ അലക്സ് വർഗ്ഗീസ് , നബാർഡ് അസി.
ജനറൽ മാനേജർ ജിഷിമോൻ, കേരള ബാങ്ക് മെമ്പർ ബോർഡ് ഓഫ് ഡയറക്ടർ കെ.ജി. വത്സലകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ എന്നിവർ നിർവ്വഹിക്കും.
ഡയറക്ടർ കെ. രാജകുറുപ്പ് ,കെ. ബൈജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.