പി.എസ്.സി നിയമനങ്ങളിൽ റെക്കോഡിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ പി.എസ്.സി നിയമനങ്ങളിൽ സർവകാല റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 403 പേർക്കാണ് നിയമനം നൽകിയത്. എൽ.പി.എസ്.ടി ഒന്നാം ഘട്ടത്തിൽ 165 പേർക്കും രണ്ടാം ഘട്ടത്തിൽ 114 പേർക്കും യുപിഎസ്‌ടിയിൽ 124- പേർക്കും നിയമനം നൽകി. അടുത്തഘട്ടംകൂടി നിയമനം നടത്തുമ്പോഴേക്കും എൽ.പി.എസ്.ടി റാങ്ക് പട്ടിക പൂർണമാകും.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്നാണ് സർക്കാർ നിർദേശം. ഇത് കലോത്സവ തിരക്കുകൾക്കിടയിലും പാലിക്കാൻ ഓഫീസിന് സാധിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാ കിരണം പദ്ധതിയുടെയും അന്തഃസത്ത ഉൾക്കൊണ്ട് ജനസൗഹൃദ ഓഫീസ്, ഫയൽ കുടിശ്ശിക രഹിത ഓഫീസ് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം പൂർണതോതിൽ പ്രവർത്തനം തുടങ്ങി.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നവർക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനുള്ള ഫയൽ ജോലികളും പുരോഗമിക്കുന്നു.ഈ ദിശയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഓഫീസിനെ നിയമന ഉത്തരവ് തിരുത്തി എന്ന സംഭവത്തെ മുൻനിർത്തി ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് അധികൃതർ പറഞ്ഞു. വിവാദങ്ങളുണ്ടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
നിയമന അധികാരിക്ക് ഉദ്യോഗാർഥികളെ ജില്ലക്കകത്ത് ഏത് ഒഴിവിലും നിയമിക്കാം. എന്നാൽ സൗകര്യം മുൻനിർത്തി, അവർ അപേക്ഷയിൽ നൽകിയ മേൽവിലാസമാണ് പൊതുവെ പരിഗണിക്കാറ്. യാത്രാസൗകര്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഒഴിവുകൾ തത്സമയംതന്നെ സ്ഥലംമാറ്റത്തിലൂടെ നികത്തപ്പെടും. ഇതിനാൽ പുതിയവർക്ക് പലപ്പോഴും നിയമനം വിദൂര സ്ഥലങ്ങളിലായിരിക്കും.
മൊത്തമായി നിയമനം നൽകുന്ന അവസരങ്ങളിൽ മുമ്പ് ഒഴിവ് റിപ്പോർട്ട് ചെയ്തതിലെ പിശക് മൂലമോ, ഒഴിവ് മറ്റുരീതിയിൽ നികത്തിയാലോ അപ്പോൾ തന്നെ മറ്റൊരു ഒഴിവിലേക്ക് മാറ്റിനൽകും. രോഗം, വ്യക്തിപരമായ ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയിൽ പെടുത്തുന്നവർക്കും പോയിവരാവുന്ന ഇടങ്ങളിൽ ഒഴിവുണ്ടെങ്കിൽ മാറ്റി നിയമനം നൽകുകയുമാണ് പതിവ്.