ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള ആദ്യ വീട്‌ കതിരൂരിൽ

Share our post

തലശേരി: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള സംസ്ഥാനത്തെ ആദ്യ വീടിന്റെ നിർമാണം കതിരൂരിൽ പൂർത്തിയായി. പൊന്ന്യം പറാങ്കുന്ന്‌ നാല്‌സെന്റ്‌ കോളനിയിൽ പണിത വീടിന്റെ താക്കോൽ ട്രാൻസ്‌ജെൻഡർ നിധീഷിന്‌ ഉടൻ കൈമാറും. ലൈഫ്‌ ഭവനപദ്ധതിയിൽ കതിരൂർ പഞ്ചായത്ത്‌ അനുവദിച്ച മൂന്ന്‌ ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷവും ചേർത്താണ്‌ വീട്‌ നിർമിച്ചത്‌.

മൂന്ന്‌ ലക്ഷം രൂപ നാട്ടുകാരും സംഭാവന ചെയ്‌തു. ‘ആരുടെയും കുത്തുവാക്കും കളിയാക്കലുമില്ലാതെ ഉമ്മയോടൊപ്പം ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങണ’മെന്ന നിധീഷിന്റെ വലിയ സ്വപ്‌നമാണ്‌ സഫലമാകുന്നത്‌.
കതിരൂർ സ്വദേശിയായ നിധീഷ്‌ കണ്ണൂരിലെ വാടകവീട്ടിലാണിപ്പോൾ താമസം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹ്യമായും പ്രയാസപ്പെടുന്നവർക്ക്‌ വീട്‌ നിർമിച്ചുനൽകാമെന്ന സർക്കാർ മാർഗനിർദേശമാണ്‌ നിധീഷിന്‌ തുണയായത്‌.

2022–-23 വാർഷിക പദ്ധതിയിൽ ലൈഫ്‌ ഭവന ഗുണഭോക്താക്കൾക്ക്‌ നൽകിയശേഷം അധികമുള്ള വിഹിതം ഇതിനായി അനുവദിച്ചു. വീടിനാവശ്യമായ മൂന്ന്‌ സെന്റ്‌ സ്ഥലവും പഞ്ചായത്ത്‌ നൽകി. അവഗണനക്കും ഒറ്റപ്പെടുത്തലിനുമപ്പുറം ചേർത്തുപിടിക്കാൻ നാടുണ്ടെന്ന സന്ദേശമാണ്‌ ഇതിലൂടെ കതിരൂർ നൽകുന്നത്‌.

റെക്കോഡ്‌ വേഗത്തിൽ 
നിർമാണം
കഴിഞ്ഞ നവംബർ ഏഴിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയാണ്‌ വീടിന്‌ കല്ലിട്ടത്‌. കൊൺട്രാക്ടർ പ്രകാശൻ (മഹിജ ഗ്രൂപ്പ്‌) അതിവേഗം പ്രവൃത്തി തീർത്തു. വയർമെൻ സൂപ്പർവൈസേഴ്‌സ്‌ അസോസിയേഷൻ സൗജന്യമായി വയറിങ്ങ്‌ ചെയ്‌തുനൽകി. 400 സ്‌ക്വയർ ഫീറ്റുള്ള ഒറ്റനില വീടിനാവശ്യമായ ടൈൽസ്‌ വ്യാപാരികൾ സംഭാവന ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സനിൽ, വാർഡംഗം ടി കെ ഷാജി എന്നിവരുടെ നിരന്തര ശ്രദ്ധയും വീട്‌ നിർമാണത്തിലുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!