കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂടും; വര്‍ധന ശനിയാഴ്ച പ്രാബല്യത്തില്‍വന്നു

തിരുവനന്തപുരം: ബജറ്റില്‍ ഇന്ധനസെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതല്‍ വര്‍ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങള്‍ക്ക് മൂന്നുമടങ്ങോളം വര്‍ധനയുണ്ട്.
ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളില്‍ ഒരു കിലോ ലിറ്ററിന് (1000 ലിറ്റര്‍) 4.40 രൂപമുതല്‍ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്.
ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതല്‍ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വര്‍ധനയില്‍നിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതല്‍ പുതിയനിരക്കില്‍ നല്‍കണം.
കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്പ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു.രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.