പങ്കാളിയെ കൊലപ്പെടുത്തിയത് സ്വര്‍ണത്തിനായി; രണ്ടുദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞു, പിന്നാലെ നാടുവിട്ടു

Share our post

ബദിയടുക്ക (കാസര്‍കോട്): നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം.ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സൈബര്‍ സെല്‍ പോലീസും ബദിയടുക്ക പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തിരുവനന്തപുരത്തുനിന്ന് ആന്റോ പിടിയിലായത്. മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാളുടെ അറസ്റ്റ്.

ജനുവരി 27-ന് രാവിലെയാണ് നീതുവിനെ കൊലപ്പെടുത്തിയത്. ഇവരുടെ ഒരുപവന്റെ കൈചെയിനിന് വേണ്ടിയുള്ള തര്‍ക്കത്തിലായിരുന്നു കൊലപാതകമെന്ന് പ്രതി പറഞ്ഞു. തലയ്ക്ക് അടിച്ചുവീഴ്ത്തിയ നീതുവിനെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് പെര്‍ളയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചു. ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളുമായെത്തി രണ്ടുദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്. പഴയ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തു. പുതിയ ഫോണും സിം കണക്ഷനുമെടുത്തു. ആദ്യം കോഴിക്കോട്ടും എറണാകുളത്തും വാടകമുറികളെടുത്ത് കഴിഞ്ഞശേഷം തിരുവനന്തപുരത്തേക്ക് കടന്നു.

അവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലേക്ക് പോകാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് പോലീസ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടെത്തിച്ച പ്രതിയെ വിശദമായ ചോദ്യംചെയ്തു. കുറ്റം സമ്മതിച്ച പ്രതിയെ കൊലപാതകം നടന്ന ബദിയടുക്ക ഏല്‍ക്കാനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

രക്ഷപ്പെടുന്നതിനുമുന്‍പ് ഇയാള്‍ ഉപേക്ഷിച്ച, യുവതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് സമീപത്തെ കാട്ടില്‍നിന്ന് കണ്ടെത്തി. കൊലപാതകത്തിനിടയില്‍ നീതുവിന്റെ കൈകൊണ്ട് ആന്റോയുടെ കഴുത്തില്‍ മുറിവേറ്റതിന്റെ പാടുകളും പോലീസ് കണ്ടെത്തി.

സൈബര്‍ പോലീസ് ക്രൈം ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍, ബദിയഡുക്ക എസ്.ഐ. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അറസ്റ്റിലായ ആന്റോ ഇതിനു മുന്‍പും ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!