ശ്രീകണ്ഠപുരം: ‘ഞങ്ങക്ക് ഉപ്പ് വേണം. ഉപ്പ് വെള്ളം വേണ്ടാ… വേനലാവുമ്പോ എന്നും ഉപ്പുവെള്ളം പ്രശ്നം തന്നെയാ. പരിഹാരമില്ലെങ്കി എന്തു ചെയ്യും‘ …… ഉപ്പ് വെള്ളം ജീവിതം പ്രതിസന്ധിയിലാക്കിയ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ തോടിന്റെ കരകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വാക്കുകളാണിത്.
ഇവിടത്തെ നൂറോളം കുടുംബങ്ങളാണ് ഉപ്പുവെള്ളം ഭയന്ന് ജീവിക്കുന്നത്. വളക്കൈ തോട്ടുകടവ് മുതൽ മദ്റസ പാലം വരെയുള്ള തോടിന്റെ ഇരുഭാഗത്തും താമസിക്കുന്ന ജനങ്ങളാണ് കൃഷി പോലും ചെയ്യാനാവാതെ ദുരിതത്തിലായത്. വേനലിൽ പലപ്പോഴും കുടിവെള്ളവും മുട്ടുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഇവിടത്തുകാർ ധാരാളാമായി തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് ചെയ്തിരുന്നത്. നല്ല വിളവും ലഭിച്ചിരുന്നു. ജീവിത വരുമാനമാർഗം കൂടിയാണ് ഇവർക്ക് കൃഷി. എന്നാൽ, പുഴയിലും അവിടെ നിന്ന് തോട്ടിലേക്കും ഉപ്പുവെള്ളമെത്താൻ തുടങ്ങിയതോടെ ഇവർക്ക് വൻ തിരിച്ചടിയായി.
ജലസേചനത്തിന് പ്രയാസമായതോടെ പല കൃഷികളും ഒറ്റത്തവണ മാത്രമാണ് നടത്താനാവുന്നത്. തോടിന്റെ കരയിലെ വീട്ടു കിണറുകളിലും വേനലിൽ ഉപ്പുവെള്ളമെത്തുകയും വെള്ളത്തിന്റെ രുചിമാറി കുടിവെള്ളം മുട്ടുകയുമാണ്. കൃഷിക്ക് പിന്നാലെ കുടിവെള്ളവും ഇല്ലാതാവുമ്പോൾ വേനൽക്കാലത്ത് ഇവർക്ക് ഭയാശങ്ക ഏറെയാണ്.
വളപട്ടണം പുഴയിൽ തേറളായി ദ്വീപിന്റെ മറുകരയിലെ തോട്ടുകടവിലാണ് വളക്കൈ തോട് സംഗമിക്കുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നെത്തുന്ന ഉപ്പുവെള്ളം ചെങ്ങളായി പുഴവരെ എത്താറുണ്ട്. ഇങ്ങനെയെത്തുന്ന ഉപ്പുവെള്ളമാണ് വളക്കൈ തോട്ടിലും എത്തുന്നത്. തോടിനെ നിത്യേന ആശ്രയിക്കുന്നവർക്കെല്ലാം ഇത് തിരിച്ചടിയാവുന്നുണ്ട്. കുളിക്കാനും തുണി കഴുകാനുമെല്ലാം ആളുകൾ തോടിനെ ആശ്രയിച്ചിരുന്നു. ഇവർക്കും ഉപ്പുവെള്ളം ദുരിതമായി മാറി.
വളക്കൈതോട് സംഗമിക്കുന്ന തോട്ടുകടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ പദ്ധതിയുണ്ടായാൽ തോട് വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും. അതിന് അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എങ്കിൽ മാത്രമേ ഇനിയിവിടെ കാർഷിക പുരോഗതിയുണ്ടാവുകയുള്ളൂ.
ഇവിടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുന്നതിന് തോട്ടിലേക്ക് പുഴവെള്ളമെത്തുന്ന ഭാഗത്തായി സാൾട്ട് വാട്ടർ എക്സ്ക്ലൂഷൻ ക്രോസ് ബാർ പണിയണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ മൂസാൻ കുട്ടി തേറളായി, രശ്മി സുരേഷ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.