കെ.എസ്.ആര്‍.ടി.സി. കായല്‍പ്പരപ്പിലേക്ക്! ഹൗസ് ബോട്ടുകള്‍ വാടകയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കായല്‍യാത്ര നടത്താന്‍ ഇനി കെ.എസ്.ആര്‍.ടി.സി.യെ സമീപിക്കാം. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ 10 ജില്ലകളില്‍ക്കൂടി ബോട്ടുയാത്ര ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ തയ്യാറുള്ള ബോട്ടുടമകളില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. ദിവസമാസവാടക അടിസ്ഥാനത്തിലും കമ്മീഷന്‍ വ്യവസ്ഥയിലും ബോട്ടുകള്‍ നല്‍കാം.
ബുക്കിങ് സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങും. പാക്കേജുകളില്‍ കായല്‍യാത്രയും ഭക്ഷണവും ഹൗസ്‌ബോട്ടുകളിലെ താമസവും ഉണ്ടാകും. ഓണ്‍ലൈന്‍ വഴിയും ഡിപ്പോകളിലൂടെയും ബുക്കിങ് സ്വീകരിക്കും. ഡിപ്പോകളില്‍നിന്നും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ബസുകളുണ്ടാകും.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാസംവിധാനങ്ങളുള്ള ബോട്ടുടമകള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുമായി കരാറില്‍ ഏര്‍പ്പെടാം. ബസ്‌യാത്ര ഒഴിവാക്കി നേരിട്ട് എത്തുന്നവര്‍ക്കും കെ.എസ്.ആര്‍.ടി.സി.യിലൂടെ ബോട്ടുകള്‍ ബുക്കുചെയ്യാം. കുറഞ്ഞ ചെലവിലെ ടൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി. മുന്നേട്ടുവെക്കുന്നത്.