പച്ചക്കറിപ്പാടമല്ല, ഇത് സർക്കാർ ആസ്പത്രി ടെറസ്

കാസർകോട് : വിളഞ്ഞുനിൽക്കുന്ന പച്ചക്കറി പാടം എന്ന് തോന്നും കാസർകോട് ജനറൽ ആസ്പത്രിയുടെ ടെറസ് ഒന്നു കയറി നോക്കുന്നവർക്ക്. ജനറൽ ആസ്പത്രിയിലെ ഐ.പി.കെട്ടിടത്തിന്റെ ടെറസ്സിലാണ് ആസ്പത്രി ജീവനക്കാർ പച്ചക്കറി തോട്ടം ഉണ്ടാക്കിയത്. വളർന്ന പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്.കായകൽപം പരിശോധനയുടെ ഭാഗമായാണ് ആസ്പത്രി ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി, ചീര, കോളിഫ്ളവർ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.
വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന കാഴ്ച മനോഹരമാണ്. ആസ്പത്രി ജീവനക്കാരായ ഡേവിസ്, മണി, രവി, ശ്രീജിത്ത്, സാബിർ തുടങ്ങിയ എന്നിവരാണ് പച്ചക്കറി കൃഷി തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. ഒഴിവ് സമയങ്ങളിൽ വെള്ളം നനയ്ക്കുകയും പരിപാലിക്കുകയും ചെയ്തുവന്നു.ആസ്പത്രിയിലെ പ്ലംബർ, ഡ്രൈവർ, ലിഫ്റ്റ് ഓപ്പറേറ്റർ, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഈ ജീവനക്കാർ.
കാസർകോട് സി .പി.സി .ആർ.ഐ, കൃഷി ഭാവനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മൂന്നു മാസം മുമ്പാണ് വിത്തുകൾ സംഘടിപ്പിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ. കെ.കെ.രാജേന്ദ്രൻ, ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.ജമാൽ അഹമ്മദ് തുടങ്ങിയവരുടെ മേൽനോട്ടവും പിന്തുണയും പച്ചക്കറി കൃഷി വിജയത്തിന് പിന്നിലുണ്ടായി. സി . പി .സി .ആർ. ഐ ഉദ്യോഗസ്ഥർ പച്ചക്കറി തോട്ടം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ടെറസിന്റെ മുകളിൽ വിളഞ്ഞു നിൽക്കുന്ന പച്ചക്കറി ചെടികൾ മനസിന് കുളിർമ പകരുന്നതാണ്. ആദ്യ സംരംഭം എന്ന നിലയിൽ വിളവെടുത്തു കിട്ടുന്ന പച്ചക്കറികൾ ആശുപത്രി ജീവനക്കാർക്കും സ്കൂൾ കുട്ടികൾക്കും രോഗികൾക്കും നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കമേഴ്‌സ്യൽ ആയി കൃഷി ചെയ്താലും വിജയിപ്പിക്കാൻ കഴിയുമെന്ന് ആസ്പത്രിയിലെ ജീവനക്കാർ തെളിയിച്ചിരിക്കുകയാണ്.ഡോ. ജമാൽ അഹമ്മദ്( ഐ എം എ സംസ്ഥാന പ്രവർത്തക സമിതി അംഗം )