സുഹൃത്തിനെ മയക്കു മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു; എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം

ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ്ചെയ്തതിന്റെ വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.
ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനുസമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറീവ് ഓഫീസർ എസ്. സതീഷ് കുമാറിനെയും കുടുംബത്തെയും വീട്ടിൽക്കയറി ആക്രമിക്കുകയും അസഭ്യപറയുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പൂന്തോപ്പ്-കാളാത്ത് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണിത്.
മാസങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹ്യത്തിനെ മയക്കുമരുന്ന് കേസിൽ സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.