‘സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുന്നു, ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം’

Share our post

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ പിഴിയുകയും അതേസമയം വന്‍കിടക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

15,000 കോടി രൂപയുടെ നികുതി കുടിശ്ശിക വന്‍കിട മുതലാളിമാരില്‍നിന്നു പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊച്ചിയില്‍ നടന്ന ബി.ജെ.പി സംസ്ഥാന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജനോപകാര സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയില്‍ 20 ശതമാനം വര്‍ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വര്‍ധനവാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് വാരുകയാണെന്നും അതേസമയം വന്‍കിട മുതലാളിമാരുടെ പാട്ടക്കുടിശ്ശികയും വൈദ്യുതി കുടിശ്ശികയും കോടിക്കണക്കിന് രൂപയുടേതാണ്.ഇത് പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ ബഡ്ജറ്റിനെ രാഷ്ടീയ ഭേദമന്യേ എല്ലാവരും പ്രകീര്‍ത്തിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നല്‍കിയില്ലെന്നാണ് വിമര്‍ശിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയം മൂലം സംസ്ഥാനം പിന്നോക്കാവസ്ഥയിലാണ്.

ആരോഗ്യം-വിദ്യാഭ്യാസം- തൊഴില്‍ തുടങ്ങി എല്ലാ മേഖലയിലും തകര്‍ച്ചയിലാണ്. പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ തലയിലും ഒരുലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ നല്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!