മകനെ കേസിൽനിന്നു രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം; വീട്ടമ്മയോട് മോശമായി പെരുമാറിയ എസ്.ഐ.ക്ക് സസ്പെൻഷൻ

Share our post

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മകനെ കേസിൽനിന്നു രക്ഷപ്പെടുത്താമെന്ന പേരിൽ വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്.ഐ.ക്ക് സസ്പെൻഷൻ. കന്റോൺമെന്റ് എസ്.ഐ. എൻ.അശോക് കുമാറിനെയാണ് സിറ്റി പോലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ്‌ ചെയ്തത്.

വകുപ്പുതല അന്വേഷണത്തിന് കോവളം എസ്.എച്ച്.ഒ.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കേസിലെ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കിത്തരാം എന്ന പേരിൽ വീട്ടമ്മയെ നിരന്തരം വിളിക്കുകയായിരുന്നു.

കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം വിളിച്ചുവെന്നാണ് പരാതി. പരാതിക്കാരിയുടെ വീട്ടിലേക്കു വരാമെന്നുവരെ എസ്.ഐ. പറഞ്ഞു. സ്റ്റേഷനിലേക്ക് വരാമെന്ന് വീട്ടമ്മ പറഞ്ഞിട്ടും സമ്മതിച്ചില്ല.

ശല്യം സഹിക്കാനാവാതെ വന്നതോടെ ഫോൺസംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് വീട്ടമ്മ ഡി.സി.പി. അജിത് കുമാറിന് പരാതി നൽകുകയായിരുന്നു.

സ്റ്റേഷനിലെത്തിയ പരാതി കണ്ടാണ് കേസിലുൾപ്പെട്ട വിദ്യാർഥിയുടെ വീട്ടിൽ അന്വേഷണച്ചുമതല ഇല്ലായിരുന്നിട്ടും ഇയാൾ ചെന്നത്. മുമ്പും വിവിധ വിഷയങ്ങളിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടയാളാണ് അശോക് കുമാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!