കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് നാളെ തിരിതെളിയും

പയ്യന്നൂർ: കോറാം മുച്ചിലോട്ട് കാവിൽ 13 വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് നാളെ തിരിതെളിയും.രാവിലെ 9.30ന് കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്ന് കുഴിയടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 3ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം അരങ്ങിലെത്തും.
വൈകീട്ട് 6ന് സാംസ്കാരിക സമ്മേളനത്തിൽ ഉണ്ണികാനായി അദ്ധ്യക്ഷത വഹിക്കും. പദ്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ, സ്വാമി കൃഷ്ണാനന്ദഭാരതി,ബാലൻ കോറോത്ത്, കലാമണ്ഡലം ലത, അസീസ് തായിനേരി, അമ്പു പെരുവണ്ണാൻ, എ.വി. മാധവപൊതുവാൾ, കിഴക്കില്ലത്ത് ഈശ്വരൻ നമ്പൂതിരി, ഗണേഷ് കുമാർ കുഞ്ഞിമംഗലം എന്നിവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
തുടർന്ന് മേഘ്നക്കുട്ടിയും റിച്ചൂട്ടനും നയിക്കുന്ന സംഗീത വിരുന്ന്.5ന് വൈകീട്ട് 6ന് സാംസ്കാരിക സമ്മേളനം ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ മ്യൂസിക് ഈവന്റ്.6ന് വൈകീട്ട് 6ന് പി.ഇ. രാമചന്ദ്രൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്യും.
രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ, പ്രസീത ചാലക്കുടി എന്നിവർ നയിക്കുന്ന നാടൻപാട്ട്.കളിയാട്ട ദിവസങ്ങളിൽ നാലു ലക്ഷത്തോളം പേർക്ക് ഭക്ഷണം നൽകുന്നതിന് വിപുലമായ ഒരുക്കളാണ് നടത്തിയിട്ടുള്ളത്.ഒരേസമയം 5000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും അതിനു വേണ്ട വളണ്ടിയർമാരെയും സജ്ജമാക്കിയതായി ഭാരവാഹികൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് 12ന് മേലേരി കൈയേൽക്കുന്നതോടെമുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരം. രാത്രി 12ന് തിരുമുടി അഴിക്കുകയും വെറ്റിലാചാരത്തോടുകൂടി കളിയാട്ടം അവസാനിക്കുകയും ചെയ്യും.
വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. പി.ഇ. രാമചന്ദ്രൻ നമ്പ്യാർ, ജനറൽ കൺവീനർ പി. പ്രദീപ്, വർക്കിംഗ് ചെയർമാൻ കെ.വി. നന്ദകുമാർ, കൺവീനർമാരായ എം. തമ്പാൻ, സി. നാരായണൻ, ചന്ദ്രൻ മുതിയലം, ടി. അശോകൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.