വ്യാജ പ്രചാരണം നടത്തി നല്ലരീതിയിൽ പ്രവർത്തിക്കുന്നവ പൂട്ടിക്കരുതെന്ന് അഭ്യർഥിച്ച് ഹോട്ടലുകാർ

തൃശ്ശൂർ: ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും. ഇത്രയേറെ പേർക്ക് തൊഴിലും സർക്കാരിന് നികുതിയും നൽകി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർ അപേക്ഷിക്കുകയാണ് -തെറ്റായ പ്രചാരണം നടത്തി നല്ല ഹോട്ടലുകൾ പൂട്ടിക്കരുതേയെന്ന്.
തൃശ്ശൂരിൽ ഈയിടെ നടന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് തെറ്റായ പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി പൂട്ടിച്ച ഹോട്ടലുകളുടെ പട്ടിക എന്ന രീതിയിൽ നല്ല ഹോട്ടലുകളുടെയും പേരുകൾ പ്രചരിപ്പിക്കുകയാണ്. വർഷങ്ങൾക്കുമുന്നേ പൂട്ടിയ ഹോട്ടലുകളുടെ വരെ പേരുകളുണ്ടതിൽ.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതിനാൽ ഇത് വിശ്വസിച്ച് ഉപഭോക്താക്കൾ ഹോട്ടലുകളിൽ കയറാൻ മടിക്കുകയാണ്. അതിന്റെ ക്ഷീണത്തിലാണ് മിക്ക ഹോട്ടലുകളും.
ഇത്തരം പ്രചാരണം നടത്തുന്നവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് േകരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃശ്ശൂർ ടൗൺ കമ്മിറ്റി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.