വിവാദ ഡോക്യുമെന്ററി: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം

Share our post

ന്യൂഡൽഹി:’ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന വിവാദ ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിനും ട്വിറ്ററിനും ഗൂഗിളിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചുള്ള ഉത്തരവിന്റെ ആധികാരിക രേഖ ഹാജരാക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വിഷയം കൂടുതൽ പരിഗണിക്കാനായി ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നത് വിലക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ രണ്ട് ഹർജികളാണ് കോടതി പരിഗണിച്ചത്.

തൃണമൂൽ കോൺഗ്രസ് എം .പി മഹുവ മൊയിത്രയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സംയുക്തമായി സമർപ്പിച്ചതാണ് ഇതിലൊന്ന്. രണ്ടാമത്തെ ഹർജി നൽകിയത് അഭിഭാഷകൻ എം എൽ ശർമ്മയാണ്. ഡോക്യുമെന്ററി തടയാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും എന്നാണ് ഹർജികൾ വിശേഷിപ്പിച്ചത്.

ഡോക്യുമെന്ററിയുടെ ലിങ്കുകൾ പരാമർശിക്കുന്ന യുട്യൂബ് വീഡിയാേകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക്കുചെയ്യാൻ കഴിഞ്ഞ 21നാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഡോക്യുമെന്ററിയുടെ പ്രദർശനം വിലക്കുകയും ചെയ്തു. വിലക്ക് വകവയ്ക്കാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കോൺഗ്രസും ഇടതു കക്ഷികളും ശ്രമിച്ചത് പലയിടങ്ങളിലും സംഘർഷത്തിന് ഇടയാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!