പ്രൈവറ്റ് ബസില്‍ നിന്ന് പിടിച്ചെടുത്തത് 200 റൂട്ടുകള്‍; ഫാസ്റ്റ് പാസഞ്ചറും ലിമിറ്റഡും ഇറക്കി കെ.എസ്.ആര്‍.ടി.സി

ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഓടിത്തുടങ്ങി. തുടക്കത്തില്‍ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതല്‍ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്.
ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുമാണ് ഓടിച്ചുതുടങ്ങിയത്. മിക്ക ബസുകളില്‍നിന്നും കാര്യമായ വരുമാനം കിട്ടിത്തുടങ്ങിയിട്ടില്ല. പല ബസുകളും റൂട്ട് മാറി ഓടുന്നതായ പരാതികള്‍ യാത്രക്കാരും ഉന്നയിക്കുന്നുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ബസുകളില്‍ പലതും ദൂരം കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിയമവിരുദ്ധനടപടികള്‍ തുടര്‍ന്നതിനാല്‍ ബസുകളുടെ പെര്‍മിറ്റ് പുതുക്കിയിരുന്നില്ല.
ഇത്തരം ബസുകളുടെ വിവരങ്ങളും സമയവിവരപ്പട്ടികയും കെ.എസ്.ആര്‍.ടി.സി. ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ആര്‍.ടി.ഓഫീസുകളില്‍നിന്ന് ശേഖരിച്ചിരുന്നു. ഈ റൂട്ടുകളിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
അറ്റകുറ്റപ്പണി നടത്തിയാല്‍ നിരത്തിലിറക്കാവുന്ന നൂറുകണക്കിന് ബസുകള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുണ്ട്. താത്കാലിക ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കിയതിനാല്‍ ആവശ്യത്തിന് ജീവനക്കാരുമുണ്ട്. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റെടുക്കുന്ന റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് നീക്കം.
470 സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചിരുന്നു. സ്വകാര്യ ബസുകള്‍ ഓര്‍ഡിനറി നിരക്കില്‍ ഓടി ലാഭത്തിലെത്തി. പിന്നീട് ഓര്‍ഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. കോര്‍പ്പറേഷനും സ്വകാര്യബസ് ഉടമകളും തമ്മില്‍ ഇതുസംബന്ധിച്ച് നിയമപോരാട്ടങ്ങളും നടന്നിരുന്നു.