ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നു മുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

Share our post

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍ നിര്‍ബന്ധം.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷണശാലകളില്‍ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ഇതിനായി 15വരെ സമയം നീട്ടിയിട്ടുണ്ട്. പരിശോധനയില്‍ കാര്‍ഡില്ലാത്തവരെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.

സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.

അടപ്പിച്ച ഭക്ഷണശാല വീണ്ടും തുറക്കുമ്പോള്‍ ജീവനക്കാരെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ് രജിസ്റ്റര്‍ ചെയ്ത് സത്യപ്രസ്താവന ഹാജരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!