പ്രഖ്യാപനങ്ങൾ നടപ്പിലാവുന്നില്ല; സ്‌പെഷൽ പാക്കേജുമില്ല;പൂളക്കുറ്റിയിൽ കണ്ണീരടങ്ങാതെ കർഷകർ

Share our post

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള മതിയായ നഷ്ടപരിഹാരം ദുരന്തം അധികൃതർ തയ്യാറാവാത്തതിനെതിരെ മലയോര ജനത ഇപ്പോഴും പ്രതിഷേധത്തിലാണ്.കോളയാട് പഞ്ചായത്തിലെ ചെക്കേരി,നെടുംപൊയിൽ,കണിച്ചാർ പഞ്ചായത്തിലെ വെള്ളറ,പൂളക്കുറ്റി,നെടുംപുറംചാൽ,പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി,തൊണ്ടിയിൽ പ്രദേശങ്ങളിലെ നിരവധി കർഷകരും വ്യാപാരികളും സർക്കാരിന്റെ സ്‌പെഷൽ പാക്കേജ് പ്രതീക്ഷിച്ചാണ് കഴിയുന്നത്.

മൂന്ന് പഞ്ചായത്തുകളിലുമായി നൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.മരിച്ചവരുടെ ആശ്രിതർക്കടക്കം ഇതുവരെ നല്കിയതാവട്ടെ മുപ്പത് ലക്ഷത്തിൽ താഴെ മാത്രം.പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നല്കിയത്.

ദുരന്തമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നാശനഷ്ടങ്ങളുടെ കൃത്യമായ വിയവരം പഞ്ചായത്തുകൾ ഔദ്യോഗികമായി പറയുന്നില്ല.ഏകദേശകണക്കുകൾ മാത്രമാണ് ഇപ്പോഴും അധികൃതരുടെ കൈവശമുള്ളത്.തങ്ങൾക്ക് നഷ്ടപ്പെട്ട കൃഷിയിടവും തൊഴിലിടവും വീടുകളും പഴയപടിയാക്കാൻ സർക്കാരിന്റെ കനിവ് കാത്ത് കഴിയാൻ തുടങ്ങിയ മലയോരവാസികളെ പുനരധിവസിപ്പിക്കുകയോ അതല്ലെങ്കിൽ മതിയായ നഷ്ടം നൽകുകയോ വേണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.

പൂളക്കുറ്റിയിലെ ദുരന്തം പ്രകൃതിദുരന്തത്തിലുൾപ്പെടുത്തി സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ തുടക്കത്തിൽ പറഞ്ഞിരുന്നത്.പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇതേ ആവശ്യമുന്നയിച്ച്രംഗത്തുവരികയും ചെയ്തു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ട് പ്രകാരം ദുരന്തത്തിന് കാരണം സമീപത്തെ പാറമടകളുടെ അനധികൃത ഖനനം എന്നതായിരുന്നു.

കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ജനതയുടെ സർവ്വതും ഒരൊറ്റ രാത്രിയിൽ തുടച്ചുനീക്കപ്പെട്ടിട്ടും അവരെ സഹായിക്കാൻ ബാധ്യസ്ഥരായ ഭരണകൂടം ഇനിയും നടപടി സ്വീകരിക്കാത്തത് മലയോര കർഷകരോടുള്ള അവഗണനയാണ്.

2022 ആഗസ്ത് ഒന്നിന് വൈകിട്ടുണ്ടായ ഉരുൾപൊട്ടലിന്റെ ഭയാനക ദൃശ്യങ്ങളാണ് പൂളക്കുറ്റിയിലും വെള്ളറയിലും നെടുംപുറംചാലിലും സമീപ പ്രദേശങ്ങളിലും ചെന്നാൽ കാണാൻ കഴിയുക.പൂർവസ്ഥിതിയിലാക്കാൻ വർഷങ്ങളെടുക്കുമെങ്കിലും സഹായിക്കാൻ ആരുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് മലയോര കർഷകർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!