കാട്ടാനശല്യം: വനാതിർത്തിയിൽ സോളർ തൂക്കുവേലി സ്ഥാപിക്കുന്നു

Share our post

ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും കൂടിയ സാഹചര്യത്തിൽ സോളർ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യ ഘട്ടത്തിൽ പയ്യാവൂർ പഞ്ചായത്തിൽ 11 കിലോമീറ്റർ തൂക്കുവേലി പൂർത്തിയാക്കിയിട്ടുണ്ട്.

പയ്യാവൂർ മണിക്കടവ് ശാന്തിനഗറിലെ സൗരോർജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. ഉദയഗിരി, ഉളിക്കൽ, ഏരുവേശ്ശി പഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും.

ഇതോടെ വനാതിർത്തിയിലെ 41 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലിയുടെ സംരക്ഷണം ലഭിക്കും. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേർത്താണു പദ്ധതി നടപ്പാക്കുന്നത്.

മലയോര ഗ്രാമസഭയിൽ പ്രധാനമായി ഉയർന്നുവന്ന നിർദേശം തൂക്കുവേലി സ്ഥാപിക്കണം എന്നതായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്‌നകുമാരി, അംഗം എൻ.പി.ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസ്സി ഇമ്മാനുവൽ (ഏരുവേശ്ശി), സാജു സേവ്യർ (പയ്യാവൂർ), കെ.എസ്.ചന്ദ്രശേഖരൻ (ഉദയഗിരി), പി.സി.ഷാജി (ഉളിക്കൽ), കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് എന്നിവർ തൂക്കുവേലി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.

പയ്യാവൂർ പഞ്ചായത്തിൽ 11 കിലോമീറ്ററിൽ തൂക്കുവേലി സ്ഥാപിച്ചതിനു ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതം 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 5 ലക്ഷവുമാണ് ലഭിച്ചത്. ഉദയഗിരി പഞ്ചായത്തിൽ 11 കിലോമീറ്ററിലാണ് തൂക്കുവേലി സ്ഥാപിക്കുക.

ജില്ലാ പഞ്ചായത്ത് 50 ലക്ഷവും പഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ചെലവഴിക്കും. ഉളിക്കൽ പഞ്ചായത്തിൽ 14.5 കിലോമീറ്ററിലെ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ 5 ലക്ഷം വീതവും ചെലവഴിക്കും. ഏരുവേശ്ശി പഞ്ചായത്തിൽ 4.5 കിലോമീറ്റർ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 8.25 ലക്ഷവും ചെലവഴിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!