തട്ടിപ്പിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്! പണപ്പിരിവ് നടക്കുന്നത് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകളില്‍

Share our post

തൃശ്ശൂര്‍: തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകള്‍ പുതിയതരം തട്ടിപ്പിന് വേദിയാകുന്നതായി സൂചന. രജിസ്ട്രേഷന്റെയും കേസ് നടത്തിപ്പിന്റെയും പേരുപറഞ്ഞ് ഇത്തരം സംഘങ്ങളില്‍ പണപ്പിരിവ് നടത്തിയാണ് പുതിയ തട്ടിപ്പ്.

150 രൂപ രജിസ്ട്രേഷനും 1500 രൂപ കേസ് നടത്തിപ്പിലേക്കും എന്നുപറഞ്ഞാണ് ചിലര്‍ ആളുകളില്‍നിന്ന് പണം ഈടാക്കുന്നത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ഈ തുകകൂടി നല്‍കുന്നു.

പലപ്പോഴും ആറും ഏഴും മാസം കഴിഞ്ഞാണ് തങ്ങള്‍ വീണ്ടും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാകുക. അപ്പോഴേക്കും പരമാവധി ആളുകളില്‍നിന്ന് പണപ്പിരിവ് നടത്തിയിട്ടുണ്ടാകും.

കേസ് നടത്തിപ്പിനായി ഇരകള്‍ പണം മുടക്കേണ്ടതില്ലെന്നും പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം ഇതിന് ആവശ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് ഇത്തരം കേസുകള്‍ വാദിക്കുക. പണം നല്‍കിയതിന്റെ രേഖകള്‍ പോലീസിന് നല്‍കുകയാണ് പറ്റിക്കപ്പെട്ടവര്‍ ചെയ്യേണ്ടത്. എന്നാല്‍ രേഖകള്‍ പലപ്പോഴും ഇത്തരം കൂട്ടായ്മകളുടെ പക്കലാകുന്ന സംഭവങ്ങളുമുണ്ട്.

തട്ടിപ്പുകാര്‍ക്ക് പണം സമാഹരിച്ച് നല്‍കിയവര്‍തന്നെയാണ് പലപ്പോഴും ഇത്തരം കൂട്ടായ്മകളുടെ മുന്‍നിരയിലുമുണ്ടാകുക. തട്ടിപ്പുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എന്നപേരിലാണ് പിരിവെന്നതിനാല്‍ പോലീസിന് ഇടപെടാനും പരിമിതിയുണ്ട്. കൂട്ടായ്മകള്‍ക്കെതിരേ സംശയമുന്നയിച്ചാല്‍ തട്ടിപ്പുകാര്‍ക്കായി നില്‍ക്കുന്നുവെന്ന ആരോപണം വരും.

ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെയും ധനവ്യവസായ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ജോയ് ഡി. പാണഞ്ചേരി, റാണി ജോയ് പാണഞ്ചേരി എന്നിവരുടെയും ജാമ്യാപേക്ഷകള്‍ തിങ്കളാഴ്ച പരിഗണനയ്‌ക്കെത്തും.

പ്രവീണ്‍ റാണയുടെ ജാമ്യഹര്‍ജി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയും ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുമാണ് പരിഗണിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!