കോറോം പെരുങ്കളിയാട്ടം 60 ക്വിന്റൽ ഏത്തക്കായ ഉപ്പേരി തയാർ

Share our post

പയ്യന്നൂർ: കോറോം മുച്ചിലോട്ടുകാവിൽ 13 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. ഭക്ഷണത്തോടൊപ്പം നൽകുന്നതിനു 60ക്വിന്റൽ ഏത്തക്കായ ഉപ്പേരിയാണ് ആദ്യമായി തയാറാക്കിയത്. കളിയാട്ട ദിവസങ്ങളിൽ ആറു നേരങ്ങളിലായി നാലുലക്ഷത്തോളം പേർക്ക് ഭക്ഷണവിതരണം നടത്തും.

കന്നിക്കലവറ, നാലിലപന്തൽ, ഭക്ഷണശാല എന്നിവയും മറ്റുളള ഒരുക്കങ്ങളും നേരത്തെ പൂർത്തിയായിട്ടുണ്ട്.38 ഓളം പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 450 ഓളം വാല്യക്കാരാണ് ഒരുക്കങ്ങൾ നടത്തുന്നത്.ഫെബ്രുവരി 4 ന് കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

കളിയാട്ട ദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, പനയാൽ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. കൂത്ത്, ചങ്ങനും പൊങ്ങനും, കൈക്കോളൻ എന്നിവയും കെട്ടിയാടും.

6 ന് പകൽ മൂന്നിന് മംഗലക്കുഞ്ഞുങ്ങളോടു കൂടിയുള്ള തോറ്റം ചുഴയലും സമാപന ദിവസമായ 7ന് പകൽ 12ന് മേലേരി കൈയേൽക്കലും തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരലും നടക്കും.കളിയാട്ടത്തിന്റെ ഭാഗമായുള്ള വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ ആരംഭിച്ചു. ഇന്നലെ വൈകീട്ട് കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, പരവന്തട്ട ഉദയപുരം ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കൊടക്കാട് പണയക്കാട് ഭഗവതി സ്ഥാനം പൂരക്കളി സംഘം എന്നിവർ അവതരിപ്പിച്ച മറുത്തുകളിയും പൂരക്കളിയും നടന്നു.

4ന് രാത്രി 9 ന് കോഴിക്കോട് മില്ലേനിയം സ്റ്റാർസ് അവതരിപ്പിക്കുന്ന ‘സംഗീതരാവ്’. 5 ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. രാത്രി 9 ന് സ്റ്റീഫൻ ദേവസ്യയും ആട്ടം കലാസമിതിയും ഒന്നിക്കുന്ന മെഗാ മ്യൂസിക് ഈവന്റ്.

6 ന് രാത്രി 9 ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, പ്രസീത ചാലക്കുടി എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും.കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ട അന്നദാനത്തിന് നൽകുന്നതിന് ഏത്തക്കായ ഉപ്പേരി തയ്യാറാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!