നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് അന്വേഷണസംഘം: അർബൻ നിധിയിൽ പരസ്പരം പഴിചാരി ഡയറക്ടർമാർ

കണ്ണൂർ:അർബൻ നിധി -എനി ടൈം മണി നിക്ഷേപതട്ടിപ്പുകേസിൽ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ഡയറക്ടർമാർ.കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത എനി ടൈം മണി ഡയറക്ടർമാരായ ആന്റണി സണ്ണി, ഗഫൂർ, ഷൗക്കത്ത് അലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ചിലവഴിച്ചത് സംബന്ധിച്ച് പരസ്പരം ആരോപണമുയർത്തിയത്.
സ്വകാര്യ ആവശ്യത്തിനായി അർബൻ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതായി സമ്മതിച്ച ആന്റണി കൂടുതൽ പണം തട്ടിയെടുത്തത് ഷൗക്കത്ത് അലിയാണെന്ന് ആരോപിച്ചു. ബിനാമികളുടെ അക്കൗണ്ടിലേക്കാണ് ഷൗക്കത്ത് അലി പണം മാറ്റിയതെന്നും തന്നെ അർബൻ നിധിയിലേക്ക് ക്ഷണിച്ചത് ഷൗക്കത്ത് അലിയാണെന്നുമായിരുന്നു ആന്റണിയുടെ വാദം. എട്ടുകോടി രൂപ താൻ എടുത്തുവെന്ന് ആന്റണി സമ്മതിച്ചതായാണ് വിവരം.
നഷ്ടത്തിലായ ട്രാൻസ്‌പോർട് കമ്പനിയെ ലാഭത്തിലാക്കാൻ വേണ്ടി താത്കാലിക തിരിമറിയായിരുന്നു അതെന്നായിരുന്നു ആന്റണിയുടെ വാദം. മറ്റ് ഡയറക്റ്റർമാർ ഇതിന്റെ ഇരട്ടിയിലധികം തട്ടിയെടുത്തെന്നും ആന്റണി ആരോപിച്ചു. ആന്റണിയും ഷൗക്കത്ത് അലിയും ഇതിന് മുൻപും ബിസിനസുകൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.വരും ദിവസങ്ങളിൽ ഷൗക്കത്ത് അലിയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ബാങ്ക് ഇടപാടുകളും സ്വത്ത് കൈമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.
അറസ്റ്റിലായവരുടെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ചെന്നൈയിലും തൃശൂരിലും ആന്റണിക്ക് സ്വന്തമായി അറുപതോളം ലോറികൾ ഉണ്ട്. കടം വീട്ടാനായി അവ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് ആന്റണി വെളിപ്പെടുത്തിയിരുന്നു.
അവയുടെ വിൽപന തടയാനുള്ള നീക്കങ്ങളും അന്വേഷണസംഘം സ്വീകരിക്കുന്നുണ്ട്.ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഗഫൂറിനെയും ഷൗക്കത്ത് അലിയേയും തിരികെ ജയിലിൽ അടച്ചു. കമ്പനിയുടെ എച്ച്.ആർ മാനേജരായിരുന്ന മട്ടന്നൂർ സ്വദേശി പി.വി.പ്രഭീഷ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ പ്രകാരം 45 കോടിയുടെ തട്ടിപ്പാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെ 23 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.