തിങ്കളാഴ്ച മുതൽ ക്രഷറുകളും ക്വാറികളും അനിശ്ചിത കാലത്തേക്ക് അടച്ചിടും

പേരാവൂർ : സംസ്ഥാന ക്രഷർ – ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി- ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കരിങ്കൽ ക്വാറിയിലെ മൺപണി അടക്കമുള്ള മുഴുവൻ പ്രവർത്തികളും കോൺക്രീറ്റ് റെഡിമിക്സ് പ്ലാൻറുകളുടെ പ്രവർത്തനവും പൂർണമായും നിർത്തിവെക്കും.ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ യാർഡുകളുടെയും പ്രവർത്തനം യാർഡ് ഉടമകളുമായി സഹകരിച്ച് നിർത്തി വെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഭാരത്തിനു കണക്കായി ജിയോളജി പാസ് അനുവദിക്കുക,പാരിസ്ഥിതികാനുമതിയുടെ കാലാവധി കേന്ദ്ര നിയമ പ്രകാരമുള്ള മൈൻ ലൈഫ് വരെ അനുവദിക്കുക,ജിയോളജി വകുപ്പിൽ നിന്നും അനുവദിച്ചു കിട്ടേണ്ട രേഖകൾക്കുള്ള കാലതാമസം ഒഴിവാക്കുക,കൈവശ ഭൂമിയിൽ നിന്നുള്ള ഖനനത്തിന് വില ഇടാക്കുന്നത് അവസാനിപ്പിക്കുക,അമിതഭാരം കയറ്റിയെന്ന കാരണത്താൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതും ഭാരിച്ച ഫൈനും ഒഴിവാക്കുക,എൽ. എ. പട്ടയം, തോട്ടം ഭൂമികളിൽ നടന്നു വന്നിരുന്ന ഖാനനാനുമതി പുനസ്ഥാപിക്കുക,പകൽ സമയങ്ങളിൽ നാലു മണിക്കൂർ ടിപ്പർ ലോറികൾ റോഡിലിറങ്ങുന്നതിനുള്ള നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ജില്ലാ കമ്മിറ്റി യോഗം ഇ.സി. ഹോൾഡേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ് യു.സെയ്ദ് ഉദ് ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം . രാജീവൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ബെന്നി, ട്രഷറർ പ്രഭാകരൻ,എം.പി .മനോഹരൻ,സണ്ണി സിറിയക് പൊട്ടങ്കൽ,എം.എം. തോമസ് ,അനിൽ കുഴിത്തോടൻ,ഷാജു പയ്യാവൂർ , ജബ്ബാർ തളിപ്പറമ്പ്,ജീൽസൺ ശ്രീകണ്ഠാപുരം എന്നിവർ സംസാരിച്ചു.