ചേച്ചി ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ പോയിത്തുടങ്ങി; കളിച്ചു കളിച്ചൊടുവില്‍ ആര്യ ഇന്ത്യന്‍ ടീമില്‍

Share our post

മണ്ണഞ്ചേരി: ചേച്ചി ആദിത്യ ഫുട്‌ബോള്‍ കളിക്കുന്നതു കാണാനാണ് ആര്യ മൈതാനത്ത് പോയിത്തുടങ്ങിയത്. പക്ഷേ, ഫുട്‌ബോള്‍ ഇപ്പോള്‍ ആര്യയുടെ ജീവിതതാളമായി.

അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലാണ് ആര്യ ഇപ്പോള്‍. സംസ്ഥാനത്തുനിന്നുതന്നെ അഞ്ചുപേരിലൊരാള്‍. കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലെ ജി.വി.എച്ച്.എസ്.എസില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്.

കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആര്യ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. സുരേഷായിരുന്നു ആദ്യ പരിശീലകന്‍. ആര്യയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം മികച്ച പിന്തുണയാണ് ആര്യയ്ക്കു നല്‍കിയത്. നിലവില്‍ ഗോകുലം കേരള എഫ്.സി.യുടെ അണ്ടര്‍ 17 ടീം അംഗം കൂടിയാണ്.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംസ്ഥാനത്ത് നടത്തിയ സെലക്ഷന്‍ ട്രയലിലും ഖേലോ ഇന്ത്യ ടൂര്‍ണമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്യ അനില്‍കുമാര്‍ ഇന്ത്യന്‍ ക്യാമ്പില്‍ എത്തിയത്.

ക്യാമ്പില്‍ നിന്നാകും ടീമിനെ തിരഞ്ഞെടുക്കുക. ഇന്ത്യക്കായി ജഴ്‌സി അണിയുകയെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്ന് ആര്യ പറഞ്ഞു.

ആര്യയുടെ സഹോദരി ആദിത്യയും ഫുട്‌ബോള്‍ താരമാണ്. കോഴിക്കോട് സര്‍വകലാശാലാ ടീം അംഗമായ ആദിത്യ റിലയന്‍സ് സുബ്രദോ ട്രോഫികള്‍ക്കായി കളിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ തറവീട്വെളിയില്‍ അനില്‍കുമാറിന്റെയും ജയമോളുടെയും മകളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!