ഉദ്യാന നഗരിയിൽ വിശിഷ്ടാതിഥി ടെറേറിയം

Share our post

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവം ഉദ്യാന നഗരിയിൽ ടെറേറിയമാണ്‌ വിശിഷ്ടാതിഥി. പുഷ്‌പോത്സവത്തിന്റെ മുഖ്യ കവാടത്തിൽ ഇടംപിടിച്ചിട്ടുള്ള ടെറേറിയത്തെ കൗതുകത്തോടെ കാണാനും വളർച്ചാ വിശേഷങ്ങളറിയാനുമെത്തുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്‌.

ടെറേറിയത്തിന്റെ പ്രദർശനം കണ്ണൂരിൽ ആദ്യമാണെന്ന്‌ ഈ ചെടി ഒരുക്കുന്നതിന്‌ മേൽനോട്ടം വഹിച്ച കണ്ണൂർ അഗ്രി –- ഹോർട്ടികൾച്ചർ സൊസൈറ്റി രക്ഷാധികാരി യു കെ ബി നമ്പ്യാരും ജോയിന്റ്‌ സെക്രട്ടറി എം കെ മൃദുലും പറഞ്ഞു. ഇരുവരുമാണ്‌ ടെറേറിയം കൃഷി രീതികൾ മറ്റുള്ളവർക്ക്‌ വിശദീകരിക്കുന്നത്‌.

അടച്ചിട്ട സ്‌ഫടിക കുപ്പികളിൽ ചെടികൾ വളർത്തുന്ന രീതിയാണ്‌ ടെറേറിയം. വീടിന്റെ അകത്തളങ്ങളിലാണ്‌ ഇവ വളർത്തുന്നത്‌. സൂര്യ പ്രകാശം ഒട്ടും വേണ്ട. വൈദ്യുതി പ്രകാശത്തിൽ സ്‌ഫടിക കുപ്പികൾക്കകത്ത്‌ ഇവ നന്നായി വളരും. മൂന്നാഴ്‌ച കൂടുമ്പോൾ ചെറിയ ദ്വാരത്തിലൂടെ കുപ്പിക്കകത്ത്‌ വെളളം സ്‌പ്രേ ചെയ്‌താൽ മതി. കുപ്പിക്കകത്തുള്ള വെള്ളം ബാഷ്‌പീകരിച്ച്‌ മുഴുവൻ ഇലകളിലുമെത്തും.

ആവാസ വ്യവസ്ഥ പ്രകാരം ചെടികൾക്ക്‌ ആവശ്യമായ ചെറുപ്രാണികൾ കുപ്പിക്കകത്തുണ്ടാവും. അതിനാൽ കീടങ്ങളുണ്ടാകില്ല. വെള്ളം അധികം നനക്കാത്തതിനാൽ ദുർഗന്ധവുമുണ്ടാവില്ല. വീട്ടകങ്ങളെ ഏറ്റവും മനോഹരമാക്കുന്ന ഇൻഡോർ പ്ലാന്റുകളിൽ മുന്നിലാണ്‌ ടെറേറിയം. ചെലവ്‌ കുറഞ്ഞ രീതിയിൽ തയ്യാറാക്കാൻ കഴിയുന്നതിനാൽ ജനപ്രിയവും.

ഫേൺസ്‌, നീളമില്ലാത്ത പുല്ലുകൾ, അലൂമിനിയം പ്ലാന്റ്‌, പോൾക്കാഡോട്ട്‌, പ്രയർ, പോത്തോസ്‌, ക്രീപ്പിങ്‌, പൈക്കസ്‌ തുടങ്ങിയവയാണ്‌ ടെറേറിയം ചെടികൾ. ഇന്ത്യയിൽ പത്തിനം ടെറേറിയം ചെടികളുണ്ട്‌. ഒരു വർഷമെത്തുമ്പോൾ വളർച്ചയെത്തിയ ഭാഗങ്ങൾ മുറിച്ചുകളയാം.

കരിക്കട്ട, വെള്ളാരംകല്ലുകൾ, മണ്ണിര കമ്പോസ്‌റ്റ്‌, ചെറിയതോതിലുള്ള ജൈവവളം, മണൽ, മണ്ണ്‌ എന്നിവ തയ്യാറാക്കിയാണ്‌ തൈകൾ നടുക. അതിന്‌ ശേഷം ഭംഗിക്ക്‌ വേണ്ടി മുകളിൽ വെള്ളാരംകല്ലുകൾ പാകും. ലൈറ്റ്‌നിങ്‌ സംവിധാനം കൂടിയൊരുക്കിയാൽ വീട്ടകങ്ങളും ടെറേറിയം പകിട്ടിൽ മനോഹരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!