കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Share our post

കൊച്ചി: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). ഇതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങാനായുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപ്പരസ്യം നല്‍കി. അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം പണിയാനാണ് കെ.സി.എ ശ്രമിക്കുന്നത്.

20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെ.സി.എയുടെ ശ്രമം. ഭൂമി നല്‍കാന്‍ താത്പര്യമുളളവര്‍ക്ക് തിരുവനന്തപുരം കെ.സി.എ ഓഫീസുമായി ബന്ധപ്പെടാം.

കേരളത്തില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുക എന്നതാണ് കെ.സി.എയുടെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മാത്രമാണ്. എന്നാല്‍ ഇത് കേരള സര്‍വകലാശാലയുടെ കൈവശമാണുള്ളത്. ഈ സ്റ്റേഡിയം കരാറിലെടുത്താണ് കെ.സി.എ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മുന്‍പ് കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ഫുട്‌ബോള്‍ മാത്രമാണ് നടക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. വയനാട് കൃഷ്ണഗിരിയിലും ഇടുക്കി തൊടുപുഴയിലുമെല്ലാം കെ.സി.എ യ്ക്ക് ഗ്രൗണ്ടുകളുണ്ടെങ്കിലും അവയൊന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല.

നിലവില്‍ നെടുമ്പാശ്ശേരിയിലും വല്ലാര്‍പാടത്തുമുള്ള ഭൂമിയാണ് കെ.സി.എ നോട്ടമിടുന്നത്. നെടുമ്പാശ്ശേരിയില്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!