‘ക്രിമിനൽ’ പൊലീസിനെതിരെ കർശന നടപടി: എം .വി ഗോവിന്ദൻ

തളിപ്പറമ്പ്: കേരള പൊലീസിൽ ക്രിമിനൽ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എം .വി ഗോവിന്ദൻ എം.എൽ.എ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ സിറ്റി ആൻഡ് റൂറൽ ജില്ലാ കമ്മിറ്റി കുടുംബ സഹായ നിധി വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള പൊലീസുകാരും എത്ര ഉന്നതരായാലും അവർ സർവീസിലുണ്ടാവില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുമ്പ് തീരുമാനിക്കാൻ എളുപ്പമായിരുന്നു. എന്നാൽ നടപ്പാക്കാൻ സാധിക്കാറില്ലെന്നും ഇപ്പോൾ നടപ്പാക്കാൻ തുടങ്ങിയെന്നും എം.എൽ.എ പറഞ്ഞു.
തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫീസിലെ എസ്. ഐ സജീവൻ, കരിക്കോട്ടക്കരി എ.എസ്.ഐ ബേബി എന്നിവരുടെ കുടുംബ സഹായനിധി തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ എം.എൽ.എ കൈമാറി. ഇ പി സുരേശൻ അധ്യക്ഷനായി.
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലത മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി .എം. പി വിനോദ്‌കുമാർ, കെ.പി.ഒ.എ സംസ്ഥാന ജോ. സെക്രട്ടറി പി .രമേശൻ എന്നിവർ അനുസ്‌മരണം നടത്തി. പി. വി രാജേഷ്, എൻ. പി കൃഷ്‌ണൻ, വി സനീഷ്, സന്ദീപ് കുമാർ, എം. കെ സാഹിദ, കെ പ്രവീണ, കെ. വി പ്രവീഷ്, ടി. വി ജയേഷ് എന്നിവർ സംസാരിച്ചു. കെ. പി അനീഷ് സ്വാഗതവും കെ. പ്രിയേഷ് നന്ദിയും പറഞ്ഞു.