പേരാവൂരിൽ കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ വയോധിക;തിരിഞ്ഞ് നോക്കാതെ അധികൃതർ

പേരാവൂർ: കാലിൽ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെ അധികൃതർ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിലാണ് കരളലിയിപ്പിക്കുന്ന സംഭവം.
പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപംതാമസിക്കുന്ന 65 കാരിയെയാണ് അധികൃതർ കയ്യൊഴിഞ്ഞതിനെത്തുടർന്ന് ടൗണിലെ ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവർത്തകനുമായ ആപ്പൻ മനോജിന്റെ നേതൃത്വത്തിൽ തെറ്റുവഴി കൃപഭവനിലെ സന്തോഷും സഹായികളും ചേർന്ന് അഞ്ചരക്കണ്ടി ആസ്പത്രിയിലേക്ക് മാറ്റിയത്.
കാലിൽ വ്രണം വന്ന് പേരാവൂർ താലൂക്കാസ്പത്രിയിൽ മുൻപ് ചികിത്സ തേടിയ വയോധികയെ തുടർചികിത്സക്കായി കണ്ണൂർ ഗവ.മെഡിക്കൽകോളേജാസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം ഭേദമായില്ല.കയ്യിൽ പണമില്ലാത്തതിനാലും സഹായിക്കാനാരുമില്ലാത്തതിനാലും തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവർത്തകരും കയ്യൊഴിഞ്ഞു.
നാലു മക്കളുണ്ടെങ്കിലും കൂടെ താമസിക്കുന്ന മകളൊഴികെ മറ്റുമക്കൾ സഹായിക്കുന്നില്ലെന്ന് കാണിച്ച് പേരാവൂർ പോലീസിൽ മകൾ പരാതി നല്കിയിരുന്നു.വയോധികയുടെ സ്ഥിതി മനസിലാക്കിയിട്ടുംപോലീസും യാതൊന്നും ചെയ്തില്ലെന്ന് മകൾ പറഞ്ഞു.
പഞ്ചായത്തും ആശാവർക്കറും അവഗണിച്ചതോടെയാണ് ആപ്പൻ മനോജ് വിവരങ്ങളറിഞ്ഞ് സഹായവുമായി എത്തിയത്.റോഡില്ലാത്തതിനാൽകട്ടിലിൽ ചുമന്നു കൊണ്ടു വന്നാണ് മനോജും കൃപഭവൻ എം.ഡി സന്തോഷും ചേർന്ന് വയോധികയെ വ്യാഴാഴ്ച രാവിലെ ആമ്പുലൻസിൽ കയറ്റി ആസ്പത്രിയിലേക്ക് മാറ്റിയത്.
കാലിൽ പുഴുവരിച്ച് അതീവ ഗുരുതരാവസ്ഥയിലായിട്ടും സഹായിക്കാൻ ബാധ്യസ്ഥരായ ആരോഗ്യവകുപ്പും പോലീസും പഞ്ചായത്തും വയോധികയെ തീർത്തും അവഗണിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.