വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് വിവിധ സംഘടനകൾ

കണ്ണൂർ : ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ – ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്, എസ് .എഫ് .ഐ, ഡി .വൈ. എഫ് .ഐ സംഘടനകൾ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനത്തിന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീപ് ജയിംസ്, റിജിൽ മാക്കുറ്റി, റിജിൽ രാജ്, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, വിജിൽ മോഹൻ, നിധിൻ കോമത്ത്, രോഹിത്ത് കണ്ണൻ, ഷാജു കണ്ടമ്പേത്ത്, സി.വി.സുമിത്ത്, ശ്രീജേഷ് കൊയിലേരിയൻ, നവീൻ കുമാർ, മഹിത മോഹൻ, എം.കെ.വരുൺ, കെ.പി.ലിജേഷ്, സി.കെ.സായൂജ്, സുധീഷ് കുന്നത്ത്, പി.യഹിയ എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് പറഞ്ഞു.
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ കേന്ദ്ര സർക്കാർ നിരോധനത്തെ എതിർത്താണ് എസ് .എഫ് .ഐയുടെ നേതൃത്വത്തിൽ പ്രദർശനം നടന്നത്. എസ് .എഫ് .ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.എം.ആദർശ് അധ്യക്ഷനായി. സർവകലാശാലയുടെ സെമിനാർ ഹാളിൽ നടത്താനിരുന്ന പ്രദർശനം ക്യാംപസ് ഡയറക്ടർ അനുമതി നിഷേധിച്ചതിനെത്തുടർന്നു പ്രധാന ബ്ലോക്കിലെ പോർട്ടിക്കോയിലേക്കു മാറ്റിയാണു പ്രദർശിപ്പിച്ചത്. അതേസമയം, അനുമതി നിഷേധിച്ചു എന്നതു വ്യാജ പ്രചാരണം ആണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് മെംബർ എം.പി.ജിജു, സംസ്ഥാന കമ്മിറ്റിയംഗം ടി.പി.അഖില, എസ് .എഫ് .ഐ പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി എം.അശ്വത്, ഏരിയാ പ്രസിഡന്റ് അമൽ പവനൻ, ക്യാംപസ് യൂണിറ്റ് സെക്രട്ടറി അഖിൽ നാസിം എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി. സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ പ്രദർശിപ്പിക്കുന്നതു തടയാനായി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഡി .വൈ. എഫ് .ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡി .വൈ. എഫ് .ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് വിലക്കിയുള്ള കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ലെന്നു സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
എം.വിജിൻ എം.എൽ.എ, ഡി .വൈ. എഫ് .ഐ കേന്ദ്ര കമ്മിറ്റിയംഗം എം.ഷാജർ, ജില്ലാ സെക്രട്ടറി സരിൻ ശശി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ കെ.ജി.ദിലീപ് കുമാർ എന്നിവർ പ്രദർശനം കാണാനുണ്ടായിരുന്നു.