ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി രോഗി ഉൾപ്പെടെ രണ്ടു പേർക്ക് പരുക്ക്

പുതിയതെരു: പുതിയതെരു ടൗണിൽ യു ടേൺ എടുത്ത ഓട്ടോറിക്ഷയെ വെട്ടിച്ച ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. ഓട്ടോ മറിഞ്ഞതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു.
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി നീലേശ്വരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ രോഗി ചന്ദ്രനെ മറ്റൊരു ആംബുലൻസിൽ നീലേശ്വരം തേജസ്വിനി ആസ്പത്രിയിൽ എത്തിച്ചു.
പരുക്കേറ്റ ഓട്ടോ ഡ്രൈവർ മൊറാഴ സ്വദേശി ബാലകൃഷ്ണൻ (78) നെ എകെജി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലരയോടെ സ്റ്റൈലോ കോർണറിലാണ് അപകടം. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.