ഇന്ന്‌ ദേശീയ ടൂറിസം ദിനം; ജില്ലയിലൊരുങ്ങുന്നത്‌ ഏഴ്‌ മ്യൂസിയങ്ങൾ

Share our post

കണ്ണൂർ: തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലൊരുങ്ങുന്നത്‌ ഏഴ്‌ മ്യൂസിയങ്ങൾ. പ്രവർത്തനമാരംഭിച്ച തലശേരി ഗുണ്ടർട്ട്‌ മ്യൂസിയം ഉൾപ്പെടെയുള്ള ഏഴ്‌ മ്യൂസിയങ്ങളും വടക്കൻ കേരളത്തിന്റെ തനതു ചരിത്രവും പൈതൃകം ഉള്ളടക്കമാവുന്ന രീതിയിലാണ്‌ സജ്ജീകരിക്കുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന മ്യൂസിയങ്ങൾക്ക്‌ കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു.

ഗുണ്ടർട്ട്‌ മ്യൂസിയമൊഴികെ ബാക്കി മ്യൂസിയങ്ങളെല്ലാം ആരാധനാലയങ്ങളോട്‌ ചേർന്നാണ്‌ നിർമിക്കുന്നത്‌. കൊട്ടിയൂർ ശിവക്ഷേത്രത്തിന്റെ ഭാഗമായി പൈതൃക വിജ്ഞാന മ്യൂസിയമാണൊരുങ്ങുന്നത്‌. ആരോഗ്യം, കൃഷി, കല തുടങ്ങി നിത്യജീവിതത്തിലെ വിവിധമേഖലകളിൽ പഴയതലമുറയുടെ സമ്പത്തായ അറിവുകളാണ്‌ മ്യൂസിയത്തിൽ സംരക്ഷിക്കുന്നത്‌.

മുഴക്കുന്ന്‌ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഒരുങ്ങുന്ന മ്യൂസിയത്തിൽ ക്ഷേത്രപ്രതിഷ്‌ഠയായ പോർക്കലിയുടെ മിത്തുകൾ, വീരപഴശ്ശിയുടെ ചരിത്രം, കഥകളി എന്നിവയാണ്‌ ഉള്ളടക്കമാകുന്നത്‌.തൊടീക്കളം ക്ഷേത്രത്തിൽ ചുമർചിത്രകല പ്രമേയമാകുന്ന മ്യൂസിയം നിർമാണം പുരോഗമിക്കുകയാണ്‌. മക്രേരി അമ്പലത്തിൽ സംഗീത കലാ മ്യൂസിയത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതസപര്യയെക്കുറിച്ചും സ്വാതി വർണങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളാണ് സജീകരിക്കുന്നത്‌.

തലശേരി ജഗന്നാഥക്ഷേത്ര മ്യൂസിയത്തിന്‌ കെട്ടിട നിർമാണം ഇതുവരെ തുടങ്ങിയില്ല. ‘ഏക’ എന്ന ആശയത്തിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്‌ മ്യൂസിയത്തിൽ ഒരുക്കുന്നത്‌. തലശേരി സെന്റ്‌ ആംഗ്ലിക്കൻ പള്ളിയിലെ മ്യൂസിയത്തിൽ കോളോണിയൽ കാലത്തെ അടയാളപ്പെടുത്തുന്ന ചരിത്ര ശേഷിപ്പുകളാണ്‌ ഉൾപ്പെടുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായ സ്‌പേസ്‌ ആർട്‌ എന്ന ഏജൻസിയാണ്‌ മ്യൂസിയങ്ങൾ സജ്ജീകരിക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!