എ.കെ.ജി സെന്റര്‍ മാതൃകയില്‍ ഇന്ദിരാഭവന്‍; സുധാകരന്റെ സർക്കുലർ, ലക്ഷ്യം സെമികേഡർ

Share our post

തിരുവനന്തപുരം ∙ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്റെ പ്രവർത്തനം എ.കെ.ജി സെന്റർ മാതൃകയിലേക്ക്. പാർട്ടി നേതാക്കളും പ്രവർത്തകരും ആസ്ഥാനത്ത് കയറിയിറങ്ങേണ്ടെന്നും എല്ലാ പരാതികളും തനിക്ക് അയയ്ക്കേണ്ടെന്നും കെ.സുധാകരൻ സർക്കുലർ അയച്ചു. സെമി കേഡറാണ് സുധാകരന്റെ സ്വപ്നം.

അതിന്റെ അടിസ്ഥാനപ്രമാണം അച്ചടക്കമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.അക്കാര്യം ഓർമിപ്പിക്കുന്ന പുതിയ സർക്കുലറിൽ പരിഷ്കാരങ്ങൾ കെപിസിസി ഓഫിസിൽനിന്ന് തുടങ്ങാനാണ് തീരുമാനം. ഇന്ദിരാഭവനിലെ ഖദർധാരികളുടെ തിക്കുംതിരക്കും കുറയ്ക്കുകയാണ് ആദ്യപടി.

പരാതി പറയാനും പുനഃസംഘടന, തിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിൽ സ്ഥാനങ്ങൾ ഉറപ്പിക്കാനുമാണ് നേതാക്കളുടെ തള്ളിക്കയറ്റം. പുതിയ സർക്കുലർ ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവരും.ബൂത്ത് തലത്തിലെ പ്രശ്നങ്ങൾ മണ്ഡലം തലത്തിലും മണ്ഡലത്തിലേത് ബ്ലോക്കിലും ബ്ലോക്കിന്റേത് ഡി.സി.സികളും പരിഹരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

പരിഹാരമാകാത്ത പ്രശ്നങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാം. അതിന് ഡി.സി.സി പ്രസിഡന്റിന്റെ കത്തു വേണം. താഴെത്തട്ടിൽ പുനഃസംഘടന തുടങ്ങിയതോടെ പരാതികളുടെ പ്രളയമാണ്. അതിന് തടയിടുക കൂടിയാണ് സുധാകരന്റെ ലക്ഷ്യം. പുതിയ പരിഷ്കാരങ്ങൾ പ്രവർത്തകർ അനുസരിക്കുമോയെന്നത് മാത്രമാണ് ഇനി അറിയേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!