പ്ലാസ്റ്റിക്കിനെ തുരത്താൻ ഹരിതകർമ സേനയുടെ വാതിൽപ്പടി ശേഖരണ ക്യാമ്പയിൻ

മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം വീടുകളിൽ സന്ദർശനം നടത്തി.
നാറാത്ത് പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് പി പി ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ഹരിതകർമ സേനക്ക് വീടുകളിൽനിന്നും കടകളിൽനിന്നും യൂസർഫി നൽകുന്നതിന്റെ പ്രധാന്യം മനസിലാക്കാനും ഹരിതകർമ സേനയെ ശക്തിപ്പെടുത്താനുമുള്ള സർക്കാർ നിർദേശം മുൻനിർത്തിയാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ജില്ലാതലത്തിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്മാരുടെ യോഗത്തിൽ എല്ലാ ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആഹ്വാനം ചെയ്തതിന്റെ തുടർച്ചയായാണ് വാതിൽ പടി സന്ദർശനം.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പഞ്ചായത്ത് അംഗം വി ഗിരിജ, ഹരിത കേരളം ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.