സൂര്യ തേജസോടെ ആറാം ക്ലാസുകാരന്റെ ശൂലൻ തെയ്യം

പിണറായി: ഭക്തർക്ക് അനുഗ്രഹംചൊരിഞ്ഞ് ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടിയ ആറാംക്ലാസുകാരന്റെ ശൂലൻതെയ്യം വേറിട്ട കാഴ്‌ചയായി. കാടൻ രയരോത്ത് ക്ഷേത്രത്തിലാണ് പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളിലെ സൂര്യതേജ് ശൂലൻ തെയ്യം കെട്ടിയത്.
പ്രായം മറന്ന പക്വതയും പ്രകടനവും കാഴ്‌ചവച്ച കുട്ടിത്തെയ്യം നാട്ടുകാരെ വിസ്‌മയിപ്പിച്ചു. പുലർച്ചെ രണ്ടിനാണ് തെയ്യക്കോലമിറങ്ങിയത്. ശിവന്റെ തൃക്കണ്ണിൽനിന്ന് പുറത്തുവന്ന അവതാരമാണ് ശൂലൻ തെയ്യക്കോലമെന്നാണ് ഐതീഹ്യം. കഴിഞ്ഞവർഷം പാറപ്രം മണ്ടോലിടം ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി തിറയും സൂര്യതേജ് കെട്ടിയാടിയിരുന്നു.
പാറപ്രത്തെ ചന്ദ്രൻപണിക്കരുടെയും കെ കെ ലിജിനയുടെയും മകനാണ്. അച്ഛൻ ചന്ദ്രൻ പണിക്കർ കാടൻ രയരോത്ത് ക്ഷേത്രത്തിൽതന്നെ തീച്ചാമുണ്ഡി തെയ്യംകെട്ടി പട്ടുംവളയും കെട്ടി ആദരിക്കപ്പെട്ടയാളാണ്.