ശബരിമലയില്‍ നാണയമെണ്ണിത്തളര്‍ന്നു,ഇനിയും 20കോടി,തീര്‍ന്നിട്ട് പോയാല്‍ മതിയെന്ന് ജീവനക്കാരോട് ബോര്‍ഡ്

Share our post

ആലപ്പുഴ: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളര്‍ന്നു ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്.

നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണുതീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസംകൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു.

ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ മടങ്ങിയെത്തിയത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു നല്‍കിയവരെ തിരികെ അയക്കണമെന്ന് അതത് ദേവസ്വം ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനും നിയോഗിച്ചത്. മകരവിളക്കു കഴിഞ്ഞും കാണിക്കയെണ്ണുന്നതുകൂടി കണക്കാക്കി 20 വരെയായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതു നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.

രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.

നാണയം എണ്ണിത്തീരാതെ പോകേണ്ടെന്ന് ജീവനക്കാരോട് ദേവസ്വം ബോര്‍ഡ്

ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നാണയങ്ങള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്നിട്ടേ പോകാവൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നവംബര്‍ 14 മുതല്‍ ഇവിടെ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ സേവനം ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്.

25-നകം നാണയങ്ങള്‍ എണ്ണിത്തീരുമെന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് അറിയുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കുവന്ന 700 പേരാണ് ഇപ്പോള്‍ ദിവസവും രണ്ടുനേരങ്ങളിലായി നാണയം എണ്ണുന്നത്. ഇവരില്‍ അസുഖബാധിതരെപ്പോലും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

ഭണ്ഡാരത്തില്‍നിന്ന് ട്രാക്ടറിലാക്കി അന്നദാനമണ്ഡപത്തിലെത്തിച്ചും നാണയമെണ്ണുന്നു. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതല്‍ രാത്രി ഒന്‍പതുവരെയുമാണ് എണ്ണുന്നത്.

എണ്ണാനുള്ള നാണയം കുന്നുകൂടിക്കിടക്കുകയാണ്. ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. അതിനാല്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. 2000 രൂപയുടെവീതം നാണയങ്ങള്‍ ബാഗില്‍നിറച്ച് ബാങ്കിന് കൈമാറും.

പ്രശ്‌നം ബോര്‍ഡ് ചര്‍ച്ചചെയ്യും

നാണയമെണ്ണുന്ന പ്രശ്‌നം ബോര്‍ഡ് ഗൗരവമായി ചര്‍ച്ച ചെയ്യും. ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കും

-കെ. അനന്തഗോപന്‍ (പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്)

ഇഷ്ടക്കാരെ സുഖ ഡ്യൂട്ടിയിലാക്കിയതിന്റെ ഫലം

നോട്ടുനിരോധനം വന്നതിനുശേഷം 2017-ലാണ് ഏറ്റവും കൂടുതല്‍ നാണയം വന്നത്. അന്നു ജീവനക്കാരെ മൂന്നുഷിഫ്റ്റായി നിയോഗിച്ച് ഏഴുദിവസം കൊണ്ട് എണ്ണിത്തീര്‍ത്തതാണ്. ഇഷ്ടക്കാരെയെല്ലാം സുഖമുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കു നല്‍കി ഭണ്ഡാരമെണ്ണല്‍ അവസാനമാക്കിയതിന്റെ ഫലമാണ് ഇപ്പോഴനുഭവിക്കുന്നത്-ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!