25 കുട്ടികളിൽ ഏക കേരള പ്രതിനിധി ;റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ നിഹാല നുഹ്‌മാൻ ഡൽഹിക്ക്

Share our post

പഴയങ്ങാടി: കേന്ദ്ര പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വീർഗാഥ പദ്ധതിയിൽ പങ്കെടുത്ത് കവിത അവതരണത്തിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിഹാല നുഹ്‌മാന് റിപ്പബ്ലിക്ദിന പരേഡ് നേരിട്ട് വീക്ഷിക്കുവാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ക്ഷണം.

സ്‌കൂൾ കുട്ടികളിൽ യുദ്ധവീരന്മാരുടെയും ധീരഹൃദയരുടെയും കഥകളിലൂടെ ബോധവൽക്കരിച്ച് അവരെ സൈന്യത്തിൽ കൂടുതൽ ആകൃഷ്ടരാക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വീർഗാഥ പദ്ധതി. കേരളത്തിനും ഫസൽ എ ഒമർ പബ്ലിക് സ്കൂളിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ഈ എട്ടാം തരം വിദ്യാർത്ഥിനിയുടേത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ പങ്കെടുത്ത പദ്ധതിയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിനിയാണ് നിഹാല നുഹ്‌മാൻ. രാജ്യത്താകെ 25 വിദ്യാർത്ഥികളെയാണ് ഇങ്ങനെ തിരഞ്ഞെടുത്തിട്ടുള്ളത്. ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് അടക്കമുള്ള ചിലവുകൾ മന്ത്രാലയം വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് നിഹാല നേടി തന്നിരിക്കുന്നതെന്നും സ്‌കൂളിൽ പഠനകാര്യത്തിലും മറ്റെല്ലാ മേഖലയിലും മിടുക്കിയാണ് നിഹാല എന്നും സ്‌കൂൾ പ്രിൻസിപ്പാൾ മിനി മിത്രൻ പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ പ്രിൻസിപ്പാൾ മിനി മിത്രനും മറ്റ് അദ്ധ്യാപികമാരും രക്ഷിതാക്കളും ആണെന്ന് നിഹാല പറയുന്നു.

ഇങ്ങനെ അവസരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് താനെന്നും നിഹാല പറഞ്ഞു.പഴയങ്ങാടി സ്വദേശി സി.പി നുഹ്‌മാൻ, മൈലാഞ്ചിക്കൽ ഫർഹാന ദമ്പതികളുടെ മകളാണ് നിഹാല. ഇന്ന് ഡൽഹിയിലേക്ക് യാത്ര പോകുന്ന നിഹാലയ്ക്ക് സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും ചേർന്ന് പഴയങ്ങാടിയിൽ സ്വീകരണം ഒരുക്കി. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!