കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം ഒടുവിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്ന് നീക്കി. സമ്മേളനം കഴിഞ്ഞ് ഒമ്പതു മാസമായിട്ടും കൊടിമരം നീക്കംചെയ്യാത്തതിൽ കോർപറേഷൻ സി.പി.എമ്മിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ കൊടിമരം ക്രെയിനിന്റെ സഹായത്തോടെ ലോറിയിൽ കയറ്റി പാർട്ടി ജില്ല കമ്മിറ്റി ഓഫിസിലേക്ക് മാറ്റിയത്. കൊടിമരം മാറ്റാനുള്ള നടപടികൾ രാവിലെ തന്നെ തുടങ്ങി.
കൊടിമരം കൊണ്ടുപോകാൻ അനുമതി വേണമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നു കോർപറേഷൻ ഓഫിസിലെത്തി വിവരം അറിയിച്ച ശേഷമാണ് ലോറിയിലേക്ക് കയറ്റിയത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒമ്പതു മാസമായിട്ടും കൊടിമരം സ്റ്റേഡിയത്തിൽനിന്ന് നീക്കം ചെയ്യാത്തതും കോർപറേഷൻ നോട്ടീസ് നൽകിയതും അടക്കമുള്ള നീക്കങ്ങൾക്ക് ഔദ്യോഗിക നടപടികൾക്കപ്പുറം രാഷ്ട്രീയമുഖം കൈവന്നിരുന്നു.
സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. നേരത്തെ, പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എമ്മിന് കണ്ണൂർ കോർപറേഷൻ പിഴ ചുമത്തിയതും വിവാദമായിരുന്നു.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിനും റാലിക്കും ഉപയോഗിച്ച ജവഹർ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോർപറേഷൻ യോഗത്തിൽ 47,000 രൂപ പിഴയീടാക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നതിനായി സി.പി.എം കരുതല് നിക്ഷേപമായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചിരുന്നു.
പിഴയിനത്തിൽ ബാക്കിയുള്ള തുക എഴുതിത്തള്ളാനുമായിരുന്നു തീരുമാനം.
സി.പി.എമ്മിന് പിഴ ചുമത്തിയ കോർപറേഷൻ നടപടി രാഷ്ട്രീയ വിവരക്കേടാണെന്നും പാർട്ടി കോൺഗ്രസിന് വേണ്ടി സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ അവസ്ഥ പരിതാപകരമായിരുന്നുവെന്നും പിഴ ഈടാക്കിയ തുക ഉപയോഗിച്ചെങ്കിലും ശുചീകരണം നടത്തണമെന്നുമാണ് അന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചത്.
കാടുമൂടിയ സ്റ്റേഡിയം പാർട്ടി കോൺഗ്രസിന് വിട്ടുനൽകുമ്പോൾ കോർപറേഷൻ ശുചീകരിച്ചിരുന്നില്ല. സി.പി.എം പ്രവർത്തകരാണ് അന്ന് സ്റ്റേഡിയം ശുചീകരിച്ചതെന്നും വാദമുണ്ടായി.
കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെയാണ് സി.പി.എം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയത്. കയ്യൂരില് നിന്നാണ് സമ്മേളന നഗരിയിലേക്ക് കൊടിമരമെത്തിച്ചത്.
11 മീറ്റര് നീളത്തിലുള്ള തേക്ക് മരത്തിലാണ് കൂറ്റൻ കൊടിമരമൊരുക്കിയത്. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സ്ഥലപരിശോധനയിലാണ് പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് വേണ്ടി സ്ഥാപിച്ച് കൊടിമരം ഇപ്പോഴും ഗ്രൗണ്ടില് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തിയത്.
ഇതേ തുടര്ന്നാണ് കൊടിമരം നീക്കം ചെയ്യാന് ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് നല്കിയത്. ഔദ്യോഗിക നടപടികൾക്കപ്പുറം കോർപറേഷൻ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സി.പി.എം നിലപാട്. കൊടിമരം നീക്കം ചെയ്തതതോടെ വിവാദങ്ങൾ അവസാനിച്ചെന്നാണ് കരുതുന്നത്.