തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും മാറണമെന്നും പകരം പുതുമുഖങ്ങളെ നിയമിക്കണമെന്നും നിർദേശം. ഒരുവർഷത്തിനിടെ നിയമിതരായവർക്ക് മാത്രമാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകിട്ടുക, അതും അനിവാര്യമെങ്കിൽമാത്രം. ഇതടക്കം പുനഃസംഘടനാ മാർഗനിർദേശങ്ങൾക്ക് കെ.പി.സി.സി രൂപംനൽകി.
വലിയ ജില്ലകളിൽ ഡി.സി.സി.ക്ക് 35 ഭാരവാഹികളുണ്ടാകും. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ 25 ഭാരവാഹികളും. 35 ഭാരവാഹികളിൽ ആറു വൈസ് പ്രസിഡന്റും 28 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമുണ്ടാകും. വൈസ് പ്രസിഡന്റുമാരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി-വർഗവിഭാഗത്തിൽപ്പെട്ടയാളുമാകണം. ആകെ ഭാരവാഹികളിൽ പട്ടികജാതി-വർഗ വനിത ഉൾപ്പെടെ ആറു വനിതകൾവേണം. ഈ ജില്ലകളിൽ 36 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് വേണ്ടത്.
രണ്ടുഘട്ടമായാണ് പുനഃസംഘടന. ആദ്യഘട്ടത്തിൽ ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കും. ഇതിനുള്ള പട്ടിക ഉപസമിതി ഫെബ്രുവരി അഞ്ചിനകം കെ.പി.സി.സി.ക്ക് നൽകണം. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക 15-നകം നൽകണം. മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനുള്ള അധികാരം ജില്ലാതല സമിതികൾക്ക് നൽകി. തർക്കമുള്ളയിടത്ത് കെ.പി.സി.സി. തീരുമാനമെടുക്കും.
ഇതിന്റെകൂടെ ഡി.സി.സി. അംഗങ്ങളായി തിരഞ്ഞെടുക്കേണ്ടവരുടെ പാനലും നൽകണം. ഒരു ബ്ലോക്കിൽനിന്ന് ആറ് ഡി.സി.സി. അംഗങ്ങളുണ്ടാകും. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാൻ നിയമസഭാ മണ്ഡലതലത്തിൽ ചെറിയസമിതിയെ ഡി.സി.സി. നിയമിക്കണം.
മുഴുവൻസമയ ബ്ലോക്ക് പ്രസിഡന്റ്
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി നിയമിക്കപ്പെടണമെങ്കിൽ മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിന് സന്നദ്ധരാകണം. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരെയും ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കില്ല. പുനഃസംഘടനയിലൂടെ വരുന്ന പ്രസിഡന്റുമാർ പൂർണസമയവും പാർട്ടി പ്രവർത്തനരംഗത്ത് ഉണ്ടാകണമെന്നാണ് ജില്ലാതല പുനഃസംഘടനാ ഉപസമിതികളോട് കെ.പി.സി.സി. പറഞ്ഞിരിക്കുന്നത്.
സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദം വഹിക്കുന്നവർക്ക് ഇരട്ടപദവി തത്ത്വമനുസരിച്ച് ഭാരവാഹികളാകാൻ കഴിയില്ല. എന്നാൽ ഡി.സി.സി. ഭാരവാഹിത്വത്തിന് ഇത് ബാധകമല്ലെന്നാണ് സൂചന. ഡി.സി.സി. ഭാരവാഹിത്വത്തിൽനിന്ന് സഹകരണ ബാങ്ക് പ്രസിഡന്റുമാരെ ഒഴിവാക്കരുതെന്ന് വിവിധ ജില്ലകളിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.പി.സി.സി. മുൻ അംഗങ്ങൾ, കെ.പി.സി.സി.യിലെ വിശാല എക്സിക്യുട്ടീവ് അംഗങ്ങൾ, പ്രധാന പോഷകസംഘടനകളുടെ ജില്ലാ, പാർലമെന്റ് മുൻ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മുൻപ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി. ഭാരവാഹികളായും പ്രവർത്തിച്ചിരുന്നവർ, യൂത്ത് കോൺഗ്രസ് പാർലമെന്റ്, നിയമസഭാ മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, ട്രേഡ് യൂണിയൻ സംസ്ഥാന നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ ഡി.സി.സി. ഭാരവാഹികളായി പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
മികച്ച പ്രവർത്തനം കാഴ്ചവെച്ച മണ്ഡലം പ്രസിഡന്റുമാരെയും ബ്ലോക്ക് ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി. മെമ്പർ സ്ഥാനത്തേക്ക് പരിഗണിക്കും. സ്ഥാനമൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഡി.സി.സി. ഭാരവാഹികളാക്കാം. മണ്ഡലം പ്രസിഡൻറുമാരെ നിശ്ചയിക്കാനുള്ള അധികാരം കെ.പി.സി.സി.യുടെ തീരുമാനത്തിനു വിധേയമായി ജില്ലാതലസമിതികൾ നൽകും. തർക്കങ്ങൾ അവശേഷിക്കുന്ന സ്ഥലങ്ങളിൽ തീരുമാനം കെ.പി.സി.സി.ക്ക് വിടണമെന്നാണ് നിർദേശം.