‘ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക’; കല്യാശ്ശേരിയിൽ പ്രതിഷേധ കൂട്ടായ്മയുമായി ജനകീയ സമര സമിതി

കല്യാശ്ശേരി : നിർദിഷ്ട ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക എന്നീ ആവശ്യങ്ങളുമായി ജനകീയ സമര സമിതി നേതൃത്വത്തിൽ കല്യാശ്ശേരി ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സിപിഎം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി ടി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, പി.ഐ.ശ്രീധരൻ(കോൺഗ്രസ്), എം.പി.ഇസ്മായിൽ (മുസ്‌ലിം ലീഗ്), ബാബു രാജേന്ദ്രൻ (സിപിഐ), വി.സി.പ്രേമരാജൻ, ടി.അജയകുമാർ എന്നിവർ പ്രസംഗിച്ചു. ദേശീയപാത നിർമാണം ദുരിതമായി മാറുന്നതിനെതിരെ സമര സമിതി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 27ന് 3ന് കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ചേർന്നു ദേശീയപാതയോരത്ത് പ്രതിഷേധ ചങ്ങല തീർക്കും.
നിർദിഷ്ട ടോൾ പ്ലാസ സമീപ പ്രദേശമായ വയക്കരവയലിലേക്കു മാറ്റുകയാണെങ്കിൽ ജനവാസ കേന്ദ്രമായ കല്യാശ്ശേരിയിൽ യാത്രാദുരിതത്തിന് ഏറെ പരിഹാരമാകും. ഇതോടൊപ്പം ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുക, നിർമാണത്തിനിടെ അടഞ്ഞുകിടക്കുന്ന 14 പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, സർവീസ് റോഡിലേക്ക് പ്രവേശനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ദേശീയപാത അതോറിറ്റിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.
കല്യാശ്ശേരിയിലെ ജനങ്ങളുടെ ദുരിതവുമായി ബന്ധപ്പെട്ടു ദേശീയപാത അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ജനപ്രതിനിധികൾ ആവശ്യപ്പെട്ടാൽ പോലും കൃത്യമായ മറുപടി നൽകുന്നില്ല. ടോൾ പ്ലാസയുമായി ബന്ധപ്പെട്ടു ഒട്ടേറെ കത്തിടപാട് നടത്തി. ഒന്നിനു പോലും കൃത്യമായ വിശദീകരണം ഇല്ല. നാട്ടുകാരുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ ഉടൻ സ്വീകരിക്കണം. പി.പി.ദിവ്യ, പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്.