കൂവേരിയിൽ കാഴ്‌ചകളെല്ലാം ഇനി സ്‌മാർട്ട്

കണ്ണൂർ: മരമുത്തശ്ശന്റെ വായിലൂടെ കടന്നാൽ കളിയിടമായി. കളിയിടമെന്നാൽ ഒരു പാർക്ക് തന്നെ. കെട്ടിലും മട്ടിലുമൊരു മിനി അമ്യൂസ്മെന്റ് പാർക്ക്. സ്കൂളിലേക്ക് കയറിയാലും സ്മാർട്ടാണ് കാഴ്ചകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചിറകിൽ കൂവേരി സ്കൂൾ പറന്നുയരുന്നത് സമാനതകളില്ലാത്ത വിസ്മയക്കാഴ്ചകളിലേക്ക്.
പരിമിതികളുടെ ശ്വാസംമുട്ടലിൽനിന്നാണ് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്കൂൾ ഉയർത്തെണീറ്റത്. കല്ലൂർ വീട്ടിലെ കാരണവർ 1906ൽ സ്ഥാപിച്ച എഴുത്ത് പള്ളിക്കൂടമാണ് എൽപി സ്‌കൂളായി വളർന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള സ്‌കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 115 കുട്ടികൾ പഠിക്കുന്നുണ്ട്. വികസനസമിതി ഒരേക്കർ ഭൂമി ഏറ്റെടുത്ത് സർക്കാരിന് കൈമാറിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റംവന്നത്.
നബാർഡിൽനിന്ന് ലഭിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് 12 ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടം നിർമിച്ചു. എസ്‌എസ്‌കെ സ്‌റ്റാർസ് പദ്ധതിയിൽ മാതൃകാ കളിയിടം നിർമിച്ചു. പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് സജ്ജീകരിച്ചത്. എസ്‌എസ്‌കെ അനുവദിച്ച നാല് ലക്ഷം രൂപ കൊണ്ട് പൂന്തോട്ടം, ജൈവപച്ചക്കറിത്തോട്ടം, സ്‌മാർട് ക്ലാസ് റൂം, സ്‌മാർച്ച് കിച്ചൺ എന്നിവയും ഒരുക്കി.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്‌റ്റം ഘടിപ്പിച്ചു. സ്‌കൂൾ വികസനസമിതി ഓഡിറ്റോറിയത്തിലേക്ക് 100 കസേരയും സ്‌റ്റേജും നിർമിച്ചു നൽകി. നബാർഡിന്റെ ഫണ്ടിൽ നിർമിച്ച കെട്ടിടത്തിൽ ആവശ്യത്തിന് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബ്, ലൈബ്രറി, മാത്‌സ് ലാബ്, സയൻസ്‌ലാബ് എന്നിവയുമുണ്ട്.
യുപി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യുകയെന്നതാണ് വർഷങ്ങളായുളള ആവശ്യം. ഇതിനായി വികസനസമിതി ഒരേക്കർ ഭൂമി ഏറ്റെടുത്ത് സ്‌കൂളിന് നൽകിയിട്ടുണ്ട്. പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് കളിസ്ഥലം നിർമാണം പുരോഗിമിക്കുന്നുണ്ട്.