തലശ്ശേരി – മൈസൂരു റെയിൽപ്പാത അട്ടിമറിക്കാൻ അണിയറനീക്കം

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി – മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും പാത തുടങ്ങണമെന്ന വാദമുന്നിയിച്ച് ചിലർ രംഗത്തെത്തിയത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.
കേരള മുഖ്യമന്ത്രി ആത്മാർത്ഥമായി പ്രവർത്തിക്കുകയും, പ്രധാനമന്ത്രി അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ, ഈ പാത എത്രയും വേഗത്തിൽ യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, എന്നും ഈ പാതയെ എതിർത്തുകൊണ്ടിരുന്ന, ‘അദൃശ്യ ശക്തികൾ’ ഇപ്പോഴും ശ്രമം തുടർന്നു കൊണ്ടിരിക്കുന്നതിനു തെളിവാണ് പുതിയനീക്കം.
തലശ്ശേരിയുടെ കൂടി പാർലമെന്റ് അംഗമായിട്ടുള്ള കെ. മുരളീധരൻ എം.പി. അത്തരക്കാരുടെ വലയിലകപ്പെട്ട്, തലശ്ശേരി മൈസൂർ പാതയ്ക്ക് പകരം കൊയിലാണ്ടി – മൈസൂർ പാതയാണ് ആവശ്യമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടത് തലശ്ശേരിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ഇന്നാട്ടുകാർ കാണുന്നത്.
കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച്, അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസ് യാഥാർത്ഥ്യമാക്കിയതു പോലെ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആവശ്യമായ ഈ റെയിൽപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ, ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാ രാഷ്ട്രീയസാമൂഹ്യ സംഘടനകളും തയ്യാറാവേണ്ട ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.
അനുകൂലഘടകങ്ങൾ ഏറെ
കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പോലും ഈ ഒരു ആവശ്യത്തിനായി ഇത്രമാത്രം ആത്മാർത്ഥതയോടെ, പ്രവർത്തിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി പോലും തലശ്ശേരി – മൈസൂർ പാതയ്ക്ക് അനുമതി നല്കിയിരുന്നുമില്ല.
ഇപ്പോൾ, പ്രധാനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും ഈ വിഷയത്തിൽ, വളരെ അനുകൂലമായിരിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു ഭാഗ്യം കൂടിയുള്ളത്, കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ വി. മുരളീധരന്റെയും ട്രെയിൻ യാത്രക്കാരുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് ആംമ്‌നിറ്റി കമ്മിറ്റി ചെയർമാനായി നിയമിതനായ പി.കെ. കൃഷ്ണദാസിന്റെയും ജന്മനാട് തലശ്ശേരിയാണെന്നതും അനുകൂല ഘടകങ്ങളാണ്. ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക സർക്കാരിന്റെ നിലവിലെ എതിർപ്പ് മറികടക്കാൻ ഇരുനേതാക്കളും, കേന്ദ്ര സർക്കാരും വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും.