പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ പാലും അളക്കും

പേരാവൂർ:കള്ള് അളക്കാൻ മാത്രമല്ല തങ്ങൾക്ക് പാൽ അളക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ.കള്ള് ചെത്ത് തൊഴിൽ പ്രതിസന്ധിയിലായതിനാൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം 2018-ൽ തുടങ്ങിയ ഡയറി ഫാമാണ്ഇന്ന് വിജയപാതയിലെത്തി നില്ക്കുന്നത്.
സഹകരണ നിയമത്തിനും ചട്ടത്തിനും വിധേയമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് സഹകരണ മേഖലയിലുള്ള ആദ്യ ഡയറി ഫാമാണിത്. റൂറൽ ഡയറി എക്‌സറ്റൻഷൻ ആൻഡ് അഡൈ്വസറി സർവീസസ് എസ്.ആർ.ഇ.പി പദ്ധതിയിലുൾപ്പെടുത്തിയാണ് പേരാവൂരിൽ ഡയറിഫാം അനുവദിച്ചത്. 20 പശുക്കളുടെ ഡയറി യുണിറ്റ് ആരംഭിക്കുന്നതിന് ഏഴ് ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് നൽകുകയും ചെയ്തു.
പേരാവൂർ പാമ്പാളിയിൽ പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഫാം പ്രവർത്തിക്കുന്നത്.സംഘം പ്രസിഡന്റ് കെ.ആർ.സജീവന്റെയും സെക്രട്ടറി വി.കെ.രാജീവിന്റെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഫാം ലാഭത്തിലേക്കുള്ള ചുവടുവെപ്പിലാണ്. മുൻപ് 300 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഈ ഫാമിൽ നിന്ന് ഇപ്പോൾ പ്രതിദിനം 170- ലിറ്ററിലധികം പാൽ ക്ഷീരസംഘം വഴി വിൽക്കുന്നുണ്ട്.
പാൽ ഉത്പാദനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി മാറ്റുവാനും സംഘം ആലോചിക്കുന്നുണ്ട്.അത്യുൽപ്പാദനശേഷിയുള്ള പത്തിലധികം കിടാരികളുള്ള മികച്ച കിടാരി യൂണിറ്റും പേരാവൂരിലെ ഫാമിന്റെ മാത്രം പ്രത്യേകതയാണ്.ദിവസം മുപ്പത് ലിറ്റർ പാൽചുരത്തുന്ന പശുക്കളും ഈ ഫാമിലുണ്ട്. 190 ഓളം തൊഴിലാളികളുണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ 65 പേരാണുള്ളത്.കള്ള് ചെത്ത് വ്യവസായം അനുദിനം തകർച്ചയുടെ പാതയിലായതോടെ തൊഴിലാളികൾ ഭൂരിഭാഗവും തൊഴിലുപേക്ഷിച്ചു.
എന്നാൽ, പേരാവൂരിലെ തൊഴിലാളി സഹകരണ സംഘം പുതിയ പരീക്ഷണത്തിന് മുതിർന്നതിന്റെ ഫലമാണ് വിജയപാതയിലായ ഡയറിഫാം. കന്നുക്കുട്ടികളെ ശരിയായ രീതിയിൽ വളർത്തി പശുവാക്കി മാറ്റുന്നതിൽ ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നുണ്ട്.’ഇന്നത്തെ കിടാരി നാളത്തെ പശു’ എന്നത് ഫാമിന്റെമുദ്രാവാക്യമാണ്.ആയതിനാൽ ഗുണമേന്മയുള്ള കിടാരികളെ വളർത്തുന്നതിൽ ഫാം ജീവനക്കാർ അതീവ ശ്രദ്ധ നൽകുന്നു.
2018-2019 വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡും പേരാവൂരിലെ ഈ ഫാമിനാണ്.ഫാമിന്റെ സുഗമമായ നടത്തിപ്പിന് നിർലോഭമായ പിന്തുണയും സഹകരണവും സഹായവുമായി ക്ഷീരവികസന വകുപ്പ് കൂടെയുണ്ട്. എന്നാൽ കാലിത്തീറ്റക്ക് അടിക്കടി കൂടുന്ന വിലക്കയറ്റം ഈ മേഖല നേരിടുന്നപ്രധാന വെല്ലുവിളിയാണ്.
പശുക്കൾക്ക് ഉണ്ടാവുന്ന തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ ക്ഷീരകർഷകന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.കാലിത്തീറ്റക്ക് വില കുറച്ചും തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾക്ക് സർക്കാർ മൃഗാസ്പത്രിയിൽ മരുന്ന് ലഭ്യമാക്കിയും മൃഗാസ്പത്രികളിൽ ലാബ് സൗകര്യം ഏർപ്പെടുത്തുകയും വഴി ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാരിന് സാധിക്കുമെന്ന് സംഘം സെക്രട്ടറി വി.കെ.രാജീവ് പറയുന്നു.