മാലിക് ദീനാർ മസ്ജിദ് ടൂറിസം പട്ടികയിലേക്ക്

മംഗൽപ്പാടി: ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് ടൂറിസം പട്ടികയിൽ ഇടംപിടിച്ചേക്കും. പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനമായത്. മംഗൽപ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഷിറിയ പുഴയുടെ ഓരം ചേർന്നാണ് ചരിത്ര പുരാതനമായ ഇച്ചിലങ്കോട് മാലിക്ദീനാർ പള്ളി.
പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പഞ്ചായത്തംഗം മജീദ് പച്ചമ്പളയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഹിജ്റ 37-ൽ റാഫി ഇബ്നു ഹബീബ് മാലിക്ദീനാറും അവരുടെ ആറ് അനുചരന്മാരും ചേർന്നായിരുന്നു ഇച്ചിലങ്കോട് പള്ളി നിർമിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കുളവും, നേല കയറും ചരിത്രത്തിന്റെ നേർക്കാഴ്ചകളായി ഇന്നും നിലനിൽക്കുന്നു. അഞ്ചുവർഷത്തിലൊരിക്കൽ നടത്തി വരാറുള്ള ഉദയാസ്തമന ഉറൂസ് 2023 ഫെബ്രവരി ആറു മുതൽ 26 വരെ നടക്കും.