22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളി പിടിയിൽ

Share our post

പുനലൂർ: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളിയെ പുളിയറ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലോട് സ്വദേശി സന്തോഷ് കുമാറിനെയാണ് പുളിയറ പൊലീസും തിരുനെൽവേലി സിവിൽ സപ്ലൈസ് ജീവനക്കാരും ചേർന്ന് പിടികൂടിയത്.

വിരുതനഗറിൽ നിന്ന് തിരുവനന്തപുരത്തെ കല്ലോട് ഭാഗത്തേക്ക് ലോറിയിൽ എത്തിച്ച 382 ചാക്ക് റേഷൻ അരിയാണ് പിടിച്ചെടുത്തത്.

തമിഴ്നാട്ടിൽ നിന്ന് മൂന്ന് രൂപയ്ക്ക് വാങ്ങുന്ന റേഷൻ അരി കേരളത്തിലെത്തിച്ച് പൊന്നരി,​ ജയ, മട്ട തുടങ്ങി വ്യാജപേരുകളിൽ ഉയർന്ന വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് അരി കൂടുതലായും കടത്തുന്നത്. കൊവിഡിന് ശേഷം ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമല്ലാത്തതും ഇത്തരക്കാർക്ക് സഹായകരമായി.

തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി എത്തിക്കുന്ന റേഷൻ അരി അതിർത്തിയിലെ ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല എന്നിവിടങ്ങളിലെ രഹസ്യഗോഡൗണുകൾ സൂക്ഷിക്കാറുള്ളത് തെന്മല പൊലീസും, പുനലൂർ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ചേർന്ന് നേരത്തെ പിടികൂടിയിരുന്നു. എന്നാൽ രണ്ട് വർഷമായി പരിശോധന നിലച്ചതോടെ അരി കടത്ത് വ്യാപകമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!