ഡയാലിസിസ് ധനസഹായ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം: ജില്ലാ ആസൂത്രണ സമിതി

വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ധനസഹായം നല്‍കുന്ന സംയുക്ത പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസുത്രണ സമിതി യോഗം കര്‍ശന നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് യോഗം നിര്‍ദേശിച്ചു.
സ്മാര്‍ട്ട് ഫോണ്‍ ലഭിക്കാന്‍ കാഴ്ച പരിമിതര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കിയ അപേക്ഷകള്‍ സാമൂഹ്യ നീതി ഓഫീസില്‍ എത്തിക്കണം. അതിദരിദ്രരുടെ ആവശ്യങ്ങള്‍ കണ്ടെത്താന്‍ തയ്യാറാക്കുന്ന മൈക്രോ പ്ലാനുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ഇത് സമര്‍പ്പിക്കണം.
സ്വരാജ് ട്രോഫിക്കായുള്ള അപേക്ഷ ജനുവരി 31നകം തദ്ദേശ സ്ഥാപനങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.ഫെബ്രുവരി അഞ്ചിന് ശേഷം ബ്ലോക്കുതല അവലോകന യോഗം ചേരും. 49 തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ഭേദഗതിക്കും ഒമ്പത് നഗരസഭകളുടെയും കോര്‍പ്പറേഷന്റെയും ഖരമാലിന്യ പരിപാലനത്തിനുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റിനും യോഗം അംഗീകാരം നല്‍കി.
ആസൂത്രണ സമിതി അധ്യക്ഷ പി .പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ അഡ്വ. ടി .ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. കെ .കെ രത്നകുമാരി, അഡ്വ. ടി .സരള, വി .ഗീത, കെ .താഹിറ, എന്‍. പി ശ്രീധരന്‍, ഇ വിജയന്‍ മാസ്റ്റര്‍, ശ്രീന പ്രമോദ്, കെ .വി ഗോവിന്ദന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. എം കൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ .പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.